ആഢംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ടിവി മോഷ്ടിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍
തിരൂര്‍: ടൂറിസ് ഹോമുകളിലും റെസ്‌റ്റോറന്റുകളിലും വാടകയ്ക്ക് മുറിയെടുത്ത ശേഷം വില പിടിപ്പുള്ള എല്‍.സി.ഡി-എല്‍.ഇ.ടി ടിവികള്‍ മോഷ്ടിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍. പാലക്കാട് കോങ്ങാട് സ്വദേശി കക്കയം ക്കോട് വീട്ടില്‍ ശിവകുമാറി(39) നെയാണ് തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ കാട്ടൂരിലെ ആര്‍.കെ റസിഡന്‍സിയില്‍ നിന്നും വില പിടിപ്പുള്ള ടിവി മോഷണത്തിനിടെ പിടിയിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങിയാണ് തിരൂര്‍ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരൂര്‍ ടൂറിസ്റ്റ് ഹോം ഉടമ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ തിരൂര്‍ പൊലിസ് കോടതിയില്‍ തിരികെ ഹാജരാക്കി ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് എല്‍.സി.ഡി- എല്‍.ഇ.ഡി ടിവികള്‍ മാത്രം മോഷ്ടിക്കുന്ന ശിവകുമാര്‍ കേരളത്തില്‍ മാത്രം പത്ത് ഹോട്ടലുകളില്‍ നിന്ന് ടിവി മോഷ്ടിച്ചതായാണ് പൊലിസ് നല്‍കുന്ന വിവരം.
ഇതില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാന്യവേഷത്തിലെത്തി ഒന്നോ രണ്ടോ ദിവസം ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുന്ന ഇയാള്‍ അതിവിദഗ്ധമായാണ് ടിവി പലയിടങ്ങളില്‍ നിന്നും മോഷ്ടിച്ച് മുങ്ങിയത്. അഡ്വാന്‍സ് തുക മാത്രം നല്‍കി മുറിയെടുത്ത് ടിവിയുമായി മുങ്ങാറാണ് പതിവ്. ജില്ലയില്‍ തിരൂരിന് പുറമെ എടക്കരയിലും ഇയാള്‍ക്കെതിരെ സമാനകേസുണ്ട്. മോഷ്ടിച്ച ടിവി റിപ്പയിറിങ് സ്ഥാപനത്തില്‍ നല്‍കുകയും വീട്ടുകാരില്‍ ആര്‍ക്കെങ്കിലും സുഖമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ടിവിയുടെ മൂല്യത്തിനനുസരിച്ചുള്ള പകുതി തുകയോ അതില്‍ കുറവോ വാങ്ങി സ്ഥലം വിടുന്നതായിരുന്നു മറ്റൊരു തട്ടിപ്പ്.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ സമാന രീതിയില്‍ ടിവികള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ടിവി മാത്രം മോഷ്ടിക്കുന്നതിനാല്‍ പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നും പൊലിസ് സംശയിക്കുന്നു.
നല്ല കുടുംബ പശ്ചാത്തലമുള്ള പ്രതി ഇത്തരം കുറ്റകൃത്യം ആവര്‍ത്തിച്ചുവെന്നതാണ് ഈ സംശയത്തിന് അടിസ്ഥാനം. ആറ് മാസം മുന്‍പാണ് പ്രതി തിരൂരില്‍ നിന്ന് ടിവി മോഷ്ടിച്ച് മുങ്ങിയത്. പിന്നീടാണ് എടക്കരയിലും ആലപ്പുഴയിലും മോഷണം നടത്തിയത്. കോയമ്പത്തൂരിലെ ഹോട്ടലില്‍ നിന്ന് ടിവി മോഷ്ടിക്കുന്നതിനിടെ അബദ്ധത്തില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. കേരള പൊലിസ് ഇയാള്‍ക്കായി നിരന്തര അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."