കോണ്‍ഗ്രസ് പ്രസിഡന്റിനെതിരായ അവിശ്വാസം; കുറ്റിക്കോലില്‍ സി.പി.എം തന്ത്രങ്ങള്‍ പാളി
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ ബി.ജെ.പി വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം വിജയിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എമ്മിനു കനത്ത തിരിച്ചടിയായി. സി.പി.എം, ബി.ജെ.പി വൈസ് പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച രണ്ടുകോണ്‍ഗ്രസ് വിമതരും കൂടെ നില്‍ക്കേണ്ട ഒരു സി.പി.ഐ അംഗവും വിട്ടുനിന്നതോടെയാണ് കുറ്റിക്കോലിലെ സി.പി.എം തന്ത്രങ്ങളുടെ അടിതെറ്റിയത്.
പ്രസിഡന്റ് കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ ലിസി തോമസിനെതിരേ സി.പി.എമ്മിലെ ആറ് അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നല്‍കിയത്. ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവിശ്വാസപ്രമേയത്തെ സി.പി.എമ്മിന്റെ ആറ് അംഗങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് വിമതരായ മൂന്ന് അംഗങ്ങളും ആര്‍.എസ്.പിയുടെ ഒരംഗവും അവിശ്വാസ പ്രമേയത്തിനെതിരായി വോട്ട് ചെയ്തു. ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐയും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും വേട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ കുറ്റിക്കോലില്‍ കൈവിട്ടുപോയ ഭരണം തിരിച്ചു പിടിക്കാമെന്ന സി.പി.എമ്മിന്റ തന്ത്രമാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ ഒന്‍പതിനു വൈസ് പ്രസിഡന്റ് ബി.ജെ.പിയിലെ ദാമോദരന്‍ തെടുപ്പത്തിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസം സി.പി.ഐയുടെയും രണ്ടുകോണ്‍ഗ്രസ് വിമതരുടെയും പിന്തുണയോടെ പാസാവുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റിനെതിരേയും സി.പി.എം അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്. നേരത്തെ വൈസ് പ്രസിഡന്റിനെതിരേ വോട്ട് ചെയ്ത രണ്ടുകോണ്‍ഗ്രസ് വിമതര്‍ പിന്തുണക്കുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം പ്രസിഡന്റിനെതിരേയും അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്.
എന്നാല്‍ ഇതിനിടയില്‍ കോണ്‍ഗ്രസ് വിമതരായ രണ്ടംഗങ്ങള്‍ മാതൃസംഘടനയിലേക്കുതിരിച്ചു പോകാന്‍ ഒരുങ്ങുകയും ചെയ്തതോടെ സി.പി.എമ്മിന്റെ നാടകീയ നീക്കങ്ങള്‍ തടയുവാന്‍ വേണ്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉപാധികളോടെ വിമതരുടെ ഈ നീക്കത്തിനുപച്ചകൊടി കാട്ടി. ഇതോടെയാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്.
അതിനു പുറമെ സ്വന്തം ഘടകകക്ഷിയായ സി.പി.ഐയെ നിര്‍ണായ ഘട്ടത്തില്‍ സി.പി.എമ്മിനെപ്പം നിര്‍ത്താന്‍ സാധിക്കാത്തതും തിരിച്ചടിയായി. ബി.ജെ.പിയൊഴികെയുള്ള കക്ഷികളെ ഭരണത്തില്‍നിന്നു പുറത്താക്കുന്നത് സി.പി.ഐയുടെ നയമല്ലെന്നും അതുകൊണ്ടുതന്നെ പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെ പിന്തുണക്കില്ലെന്നും സി.പി.ഐ നേരത്തെ വ്യക്തമാക്കായിരുന്നു.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കുറ്റിക്കോലില്‍ അനവസരത്തിലാണ് നേതൃത്വം അവിശ്വാസത്തിനു നോട്ടിസ് നല്‍കിയതെന്ന ആരോപണം പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. നവംബര്‍ ഏഴിനുനടക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നാടകീയ നീക്കങ്ങളായിരിക്കും കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."