എന്‍ഡോസള്‍ഫാന്‍: കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം അവസാനിച്ചു; പലിശ കുറച്ചില്ലെന്ന് രോഗികള്‍
നീലേശ്വരം: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ബാങ്കില്‍ നിന്നെടുത്ത കടങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. കാലാവധി കഴിഞ്ഞെങ്കിലും മൊറട്ടോറിയം പ്രഖ്യാപിച്ച തിയതി മുതല്‍ ഇന്നേവരെയുള്ള പലിശകള്‍ പോലും ഒഴിവാക്കിയിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ പറയുന്നു. മൂന്നുലക്ഷത്തോളം വരെയുള്ള കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ ഉറപ്പു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പ്് 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളുമെന്നാണ്് സര്‍ക്കാര്‍ പറഞ്ഞതെന്നും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നും രോഗികളും ബന്ധുക്കളും പറയുന്നു.
ചികിത്സക്കുവേണ്ടി കടമെടുത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ സഹായം ലഭിക്കുവാനും ബാങ്ക് കടങ്ങള്‍ക്കു മൊറട്ടോറിയം നല്‍കുവാനും കഴിയൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലരും വീടുകെട്ടാനെന്ന പേരിലും വാഹനം വാങ്ങിക്കാനെന്ന പേരിലും ഭൂപണയത്തിന്മേല്‍ മോര്‍ഗേജ് ലോണെടുത്തുമാണ് ചികിത്സക്കു വേണ്ടി പണം ബാങ്കില്‍ നിന്നുമെടുത്തിരുന്നത്. അതിനാല്‍ ഈ വകയിനത്തില്‍പ്പെട്ട ലോണുകള്‍ക്കൊന്നും മൊറട്ടോറിയം ഇല്ലെന്നും ചികിത്സക്കാണ് പണമെടുത്തതെന്നു തെളിയിക്കാന്‍ രേഖയില്ലാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അറിയിച്ചു. 2011 മാര്‍ച്ചിനുമുമ്പ് ചികിത്സക്ക് പണമെടുത്തവര്‍ക്ക് മാത്രമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. അതിനുശേഷം രോഗികളെ കണ്ടെത്തിയെന്നും അവര്‍ക്ക് സാമ്പത്തിക സഹായം മുതല്‍ മതിയായ ചികിത്സ സഹായമടക്കം നല്‍കുന്നുണ്ടെന്നുമാണ് സര്‍ക്കാറിന്റെ വാദം. മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ പ്രഖ്യാപിച്ച അന്നുമുതല്‍ പലിശ അടയ്‌ക്കേണ്ടെന്നാണ് നിയമം. എന്നാല്‍ പലരുടെയും കടങ്ങളുടെ ഇന്നേ വരെയുള്ള പലിശയും പിഴ പലിശയടക്കം കൂട്ടി നോട്ടീസയച്ചിരിക്കുകയാണെന്നും രോഗികളുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
ഇതിനുപുറമേ രണ്ടുമാസമായി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ പോലും നല്‍കിയിട്ടില്ല. പല പഞ്ചായത്തുകളിലേക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ലിസ്റ്റ് എത്തിയെങ്കിലും പലരും അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കേസുകളും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഒരു എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ മതിയായ രേഖകള്‍ ഹാജരാക്കാതിരുന്നതിനാലും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി മതിയായ ചികിത്സാ സൗകര്യങ്ങളും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെന്ന് അറിയിച്ചതിനാലും ഹൈക്കോടതി ട്രൈബ്യൂണല്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. സര്‍ക്കാറുകള്‍ മാറിമാറി വന്നെങ്കിലും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതകഥകള്‍ക്കുമാത്രം അറുതിയായില്ലെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്.
അതേസമയം, എന്‍ഡോസള്‍ഫാന്‍ രോഗികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ജനകീയ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മത്സരിക്കുന്ന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധിച്ച ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നഷ്ടപരിഹാരത്തുക നല്‍കണമെന്ന വിധി നടപ്പാക്കണം.
ലിസ്റ്റിലുള്‍പ്പെടുത്താതെ 1905 പേര്‍ ഇപ്പോഴും പുറത്തു നില്‍ക്കുകയാണ്. ഇവരെകൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
പിഞ്ചു കുഞ്ഞുങ്ങളായ പെരിടാട്ടടുക്കത്തെ സൗപര്‍ണിക, മടിക്കൈയിലെ നിവേദ്യ, ചെമ്മട്ടം വയിലിലെ മൂന്നുകുട്ടികള്‍, മടിക്കൈയിലെ കുട്ടികള്‍ എന്നിവരൊക്കെ ലിസ്റ്റിനു പുറത്താണ്. ഇവരെ ഉള്‍പ്പെടുത്താനുള്ള സമരം വരും ദിവസങ്ങളില്‍ നടത്തും
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പെരിയ ആസ്ഥാനമായി കേന്ദ്രത്തിന്റെ കിഴില്‍ ഒരു സാന്ത്വന പരിചരണ ആശുപത്രി വേണമെന്ന് എന്‍ഡോസള്‍ഫാന്‍ സമര നായിക പ്രവീണ പറഞ്ഞു.
പുനരധിവാസമാണ് രോഗികള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊക്കെ പാലിയേറ്റീവ് കെയര്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്നും രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ വയ്യെന്നും പ്രവീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."