കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് പിന്മാറണം: തിരുവഞ്ചൂര്‍
കോട്ടയം: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. എട്ടുമാസം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ 600 ഷെഡ്യൂളുകളാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. 5,650 ഷെഡ്യൂളുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 5,048 ഷെഡ്യൂളുകളാണ്. മെയ് മാസത്തെ ശമ്പളവും പെന്‍ഷനും ഇതുവരെയും നല്‍കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ പകുതി പെന്‍ഷന്‍ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്ന് പെന്‍ഷന്‍ ബാധ്യത മുഴുവനും ഏറ്റെടുക്കണമെന്ന് വാദിച്ചവരാണ് ഇപ്പോള്‍ യു.ഡി.എഫ് രൂപീകരിച്ച പെന്‍ഷന്‍ ഫണ്ട് പോലും ഇല്ലാതാക്കിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം 1,600 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി വായ്പയെടുത്തത്. സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ വായ്പ കിട്ടാത്ത അവസ്ഥയാണ്. കുറഞ്ഞ പലിശയില്‍ യു.ഡി.എഫ് കൊണ്ടുവന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പദ്ധതിയും നിര്‍ത്തി. ജീവനക്കാരുമായുണ്ടാക്കിയ ശമ്പളക്കരാറിന്റെ കാലാവധി പുതുക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ 2,450 പുതിയ ബസുകള്‍ നിരത്തിലിറക്കുകയും 4,000 ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തപ്പോള്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു ബസ് പോലും പുതുതായി വാങ്ങിയില്ലെന്ന് മാത്രമല്ല, 1,200 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥയില്‍ വകുപ്പുമന്ത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധനവകുപ്പ് പണം കൊടുക്കാത്തതാണ് പ്രശ്‌നം. മദ്യനയം സംബന്ധിച്ച് യു.ഡി.എഫ് പഴയ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജനം വിലയിരുത്തട്ടെ. മദ്യനയം സംബന്ധിച്ച് സഭാ നേതാക്കന്‍മാരെ സമൂഹിക മാധ്യമങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവഹേളിക്കുന്ന രീതി ശരിയല്ല. മദ്യവര്‍ജനവും ബോധവല്‍ക്കരണവുമെന്നാണ് സര്‍ക്കാര്‍ നയത്തില്‍ പറയുന്നത്. മദ്യത്തിനെതിരേ ഇത്രയും നാള്‍ ബോധവല്‍ക്കരണം നടത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."