ഒടുവില്‍ ഒരേയൊരു ഒസ്റ്റപെന്‍കോ
പാരിസ്: റോളണ്ട് ഗാരോസില്‍ 84 വര്‍ഷം നിലനിന്ന ഒരു ചരിത്രം ഇന്നലെ വഴിമാറി. ലാത്വിയയില്‍ നിന്ന് വന്ന 20കാരിയായ സീഡിങ് പോലുമില്ലാത്ത യെലേന ഒസ്റ്റപെന്‍കോ മൂന്നാം സീഡ് റുമാനിയയുടെ സിമോണെ ഹാലെപിനെ അട്ടിമറിച്ച് ഫ്രഞ്ച് ഓപണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. 84 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീഡില്ലാ താരം ഫ്രഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. 1933ല്‍ ബ്രിട്ടീഷ് താരം മാര്‍ഗരറ്റ് സ്‌ക്രിനാണ് അവസാനമായി സീഡിങില്ലാതെ ഫ്രഞ്ച് ഓപണ്‍ നേടിയത്. ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരമായും ഒസ്റ്റപെന്‍കോ മാറി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ നേടിയാണ് ലാത്വിയന്‍ താരത്തിന്റെ കന്നി ചാംപ്യന്‍ പട്ടം. സ്‌കോര്‍: 4-6, 6-4, 6-3. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ സെറ്റ് കൈവിട്ട ശേഷം കിരീടം നേടുന്ന താരമായും ഒസ്റ്റപെന്‍കോ മാറി. നേരത്തെ 2001ല്‍ ജെനിഫര്‍ കാപ്രിയാറ്റിയാണ് ഒരു സെറ്റ് കൈവിട്ട ശേഷം കിരീടം സ്വന്തമാക്കിയ മറ്റൊരു താരം.
ഒന്നാം റൗണ്ട് മുതല്‍ കിരീട നേട്ടം വരെ അട്ടിമറികളുടെ പരമ്പര സൃഷ്ടിച്ചാണ് ഒസ്റ്റപെന്‍കോയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേട്ടം. ഇതുവരെ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിനപ്പുറം പോയിട്ടില്ലാത്ത താരം ഇത്തവണ റോളണ്ട് ഗാരോസില്‍ അവിശ്വസനീയ കുതിപ്പാണ് നടത്തിയത്. ആദ്യ റൗണ്ടില്‍ മാത്രമാണ് ഒസ്റ്റപെന്‍കോയ്ക്ക് ദുര്‍ബല എതിരാളിയെ കിട്ടിയത്. രണ്ടാം റൗണ്ടില്‍ ഒളിംപിക്ക് ചാംപ്യന്‍ മോണിക്ക പ്യുഗിനേയും മൂന്നാം റൗണ്ടില്‍ ലെസിയ സുരങ്കോയേയും പിന്നാലെ സാമന്ത സ്റ്റോസര്‍, കരോലിന വോസ്‌നിയാകി, ബസിന്‍സ്‌കി എന്നിവരെയും വീഴ്ത്തിയാണ് ഫൈനലിലേക്ക് താരമെത്തിയത്. ഫൈനലില്‍ ത്രില്ലര്‍ പോരാട്ടമാണ് കണ്ടത്. ആദ്യ സെറ്റ് 4-6 അടിയറവ് വച്ച കൗമാര താരം രണ്ടാം സെറ്റില്‍ 6-4ന് വിജയം സ്വന്തമാക്കി. അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും അന്തിമ വിജയം സ്വന്തമാക്കി ഒസ്റ്റപെന്‍കോ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.
ലോക നാലാം നമ്പര്‍ താരമായ ഹാലെപിന് ഇതുവരെ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ 2014ലും ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തിയ ഹാലെപ് അന്ന് മരിയ ഷറപ്പോവയോട് തോല്‍വി വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."