ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അര്‍ഹതയുള്ളവരെ തഴഞ്ഞെന്ന് ആരോപണം
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ പ്രതിപക്ഷ അധ്യാപക സംഘടനകളെ തഴഞ്ഞെന്ന് ആരോപണം. കരട് ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ പരാതിക്ക് ഇടവരുത്താതെയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അന്തിമ ലിസ്റ്റില്‍ ഇതു മുഴുവന്‍ അട്ടിമറിച്ചെന്ന ആരോപണവുമായാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.
കരട് പട്ടിക പുറത്തിറങ്ങിയാല്‍ പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാമെന്നിരിക്കെ പ്രയോരിറ്റിയുടെയും കംപാഷനേറ്റിന്റെയും പേരിലാണ് മാനദണ്ഡം ലംഘിച്ച് അന്തിമ പട്ടിക പുറത്തിറക്കിയത്. മൂന്നു വര്‍ഷം സ്വന്തം ജില്ലക്ക് പുറത്തു സേവനം പൂര്‍ത്തിയാക്കാത്തവര്‍ക്ക് സീനിയോരിറ്റി മറികടന്നും നിയമനം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ അധ്യാപക സംഘടനകളിലെ അധ്യാപകര്‍ക്ക് സീനിയോരിറ്റി നിഷേധിക്കപ്പെട്ടതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
തൃശൂര്‍ ജില്ലക്കാരിയായ വി.സജിത കഴിഞ്ഞ 1399 ദിവസം വെളിയങ്കോട് ഗവ.സ്‌കൂളില്‍ സോഷ്യോളജി അധ്യാപികയാണ്. ജൂണ്‍മാസത്തില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ തന്റെ ജില്ലയായ തൃശൂരിലെ ചാവക്കാട് കടപ്പുറം സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചെങ്കിലും അന്തിമ ലിസ്റ്റില്‍നിന്നു ഇവര്‍ പുറത്താക്കപ്പെട്ടു.
എന്നാല്‍ സജിതയെക്കാള്‍ സര്‍വീസ് കാലാവധി കുറവുള്ളയാളെയാണ് ഈ സ്‌കൂളിലേക്ക് പരിഗണിച്ചിരിക്കുന്നത്. കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കാത്ത എസ്.സി വിഭാഗത്തില്‍പെട്ടവര്‍, ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരെ തൊട്ടടുത്ത ജില്ലകളില്‍ ഒഴിവ് ഉണ്ടെന്നിരിക്കെ ദൂരെ ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മാവൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അബ്ദുല്‍ നാസര്‍ കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ അധ്യാപകനാണ്. കരട് ലിസ്റ്റില്‍ ഇതേ സ്‌കൂളില്‍ തന്നെയാണ് പേരു വന്നതെങ്കിലും ഇപ്പോള്‍ പാലക്കാട് ജില്ലയിലെ പെരുമാട്ടിയിലേക്കാണ് സ്ഥലം മാറ്റം. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റത്തിന്റെ അന്തിമപട്ടിക പുറത്തിറക്കിയതിനെതിരെ വ്യാപക പ്രതിഷേധവുമായി വിവിധ അധ്യാപക സംഘടനകള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."