യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീളും
കണ്ണൂര്‍: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉണ്ടാകുന്ന ചേരിതിരിഞ്ഞുള്ള മത്സരം പാര്‍ട്ടിപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു സംഘടനാ തെരഞ്ഞെടുപ്പ് നീട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മെംബര്‍ഷിപ്പ് കാംപയിനു സംസ്ഥാനത്തു തുടക്കമായി. നവംബര്‍ 19 വരെ ഓണ്‍ലൈനായി മെംബര്‍ഷിപ്പ് ചേര്‍ക്കാം. നവംബര്‍ 17 വരെയാണു ഫോം ഉപയോഗിച്ച് മെംബര്‍ഷിപ്പ് ചേര്‍ക്കാന്‍ അവസരം.
വിത്ത് ഐ.വൈ.സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി താല്‍പര്യമുള്ള ആര്‍ക്കും യൂത്ത് കോണ്‍ഗ്രസില്‍ മെംബര്‍മാരാകും. 1983 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്കാണു മെംബര്‍ഷിപ്പ് നല്‍കുക. മറ്റു രാഷ്ട്രീയപാര്‍ട്ടികളിലോ സംഘടനകളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ക്രിമിനല്‍കുറ്റത്തിനു കോടതി ശിക്ഷിച്ചവര്‍ക്കോ മെംബര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയില്ല. നവംബര്‍ 25 മുതല്‍ 28 വരെയാണു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കി ആറുമാസം കാത്തിരിക്കണം. ലോക്‌സഭാ മണ്ഡലം കമ്മിറ്റികളില്‍നിന്നു മാറ്റി ഇനി മുതല്‍ ജില്ലാ കമ്മിറ്റികളാണു യൂത്ത് കോണ്‍ഗ്രസിനുണ്ടാവുക. നിലവില്‍ 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളാണു സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിനുള്ളത്. നിയോജക മണ്ഡലം, ലോക്‌സഭാ മണ്ഡലം, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. നിയോജക മണ്ഡലംതലത്തില്‍ 15 ഭാരവാഹികളും ജില്ലാതലത്തിലും സംസ്ഥാനതലത്തും 16 ഭാരവാഹികളും ഉണ്ടാകും. ജില്ലാതലത്തില്‍ പ്രസിഡന്റ്, നാലു വൈസ് പ്രസിഡന്റുമാര്‍ (ഇതില്‍ ഒന്നുവീതം വനിതാ, പട്ടികജാതി, വര്‍ഗ സംവരണം) അഞ്ചു പൊതു ജനറല്‍ സെക്രട്ടറിമാര്‍, പട്ടികജാതി-പട്ടിക വര്‍ഗം, മറ്റു പിന്നോക്ക വിഭാഗം, ന്യൂനപക്ഷ വിഭാഗം, വനിത, പട്ടികജാതി, പട്ടിക വര്‍ഗ വനിത, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ എന്നിങ്ങനെയാണു നിയമിക്കുക. നിയോജക മണ്ഡലത്തിലും പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നോക്ക വിഭാഗം, ന്യൂനപക്ഷ വിഭാഗം, വനിത, പട്ടികജാതി, പട്ടിക വര്‍ഗ വനിത, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കു സംവരണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."