പി.എസ്.സി പരീക്ഷാ തട്ടിപ്പ് ചോദ്യപേപ്പര്‍ പുറത്തെത്തിച്ചത് യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെന്ന് സൂചന
ഗോകുലും സഫീറും ഇന്റര്‍നെറ്റ് നോക്കി ഉത്തരങ്ങള്‍ എസ്.എം.എസ് അയച്ചു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ തുടങ്ങിയതിന് പിന്നാലെ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് ചോദ്യപേപ്പര്‍ പുറത്തുവന്നതെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. പരീക്ഷാ സമയത്ത് ഹാള്‍ പരിസരത്തുണ്ടായിരുന്ന യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയാണ് ചോദ്യപേപ്പര്‍ പുറത്തു നല്‍കിയതത്രെ. ഈ വിദ്യാര്‍ഥി തന്നെയാണ് കേസില്‍ പ്രതിയായ ഗോകുലിന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുത്തതെന്നും കരുതുന്നു.
പരീക്ഷ തുടങ്ങിയതിന് തൊട്ടുപിന്നാലെ യൂനിവേഴ്‌സിറ്റി കോളേജില്‍നിന്ന് ഏകദേശം 24-25 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഗോകുലിന്റെയും സഫീറിന്റെയും കൈയില്‍ ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ നിന്നും മറ്റും കണ്ടെത്തി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എസ്.എം.എസായി അയച്ചു നല്‍കിയെന്നാണ് ഗോകുല്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ ആരാണ് തനിക്ക് ചോദ്യപേപ്പര്‍ എത്തിച്ചുനല്‍കിയത് എന്ന് ഗോകുലിന് അറിയില്ല, മുഖം കണ്ടാല്‍ അറിയാമെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
കൂടാതെ കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിര്‍ദേശപ്രകാരമാണ് ചെറുപ്പക്കാരന്‍ ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കിയതെന്നും ഗോകുല്‍ പൊലിസിനോട് പറഞ്ഞു. പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. അതേസമയം, പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമാണ്. ഇതിനിടെ യൂനിവേഴ്‌സിറ്റി കോളജില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേര് വിവരങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം പി.എസ്.സിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."