'സ്റ്റെര്‍ലിങ് ബയോടെക് ഉടമകളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണം'
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട ഗുജറാത്തിലെ വഡോദര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ഔഷധ വ്യവസായ കേന്ദ്രത്തിനെതിരേ പുതിയ ഹരജിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.
ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍നിന്ന് 8,100 കോടി രൂപ വായ്പയെടുത്തു രാജ്യംവിട്ട ബയോടെക് ഉടമകളായ നിതിന്‍ സന്ദസേര, ചേതന്‍ സന്ദ്‌സേര, ദീപ്തി സന്ദ്‌സേര, ഹിതേഷ് പട്ടേല്‍ എന്നിവരെ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹി പ്രത്യേക കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതു രണ്ടാം തവണയാണ് ഇവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഹരജി സമര്‍പ്പിക്കുന്നത്.
ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിച്ചാണ് ഇവരെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തീരുമാനിച്ചത്. ബാങ്കുകളെ കബളിപ്പിച്ചു സന്ദ്‌സേര കുടുംബം രാജ്യംവിട്ടെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. കമ്പനിയുടെ വാര്‍ഷിക ബാലന്‍സ് ഷീറ്റ് പെരുപ്പിച്ചുകാട്ടിയാണ് ഇവര്‍ വന്‍തോതില്‍ വായ്പകള്‍ തരപ്പെടുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലും പുറത്തുമുള്ള ബാങ്ക് ശാഖകളില്‍നിന്നാണ് ഇവര്‍ വായ്പ തരപ്പെടുത്തിയത്. കമ്പനിയിലെ ജീവനക്കാരുടെ പേരുകള്‍ പ്രമോട്ടര്‍മാരെന്നു ചൂണ്ടിക്കാട്ടി 249 ഷെല്‍ കമ്പനികളിലേക്കു പണം വകമാറ്റി. അന്വേഷണത്തില്‍ പാന്‍ കാര്‍ഡുകള്‍, കമ്പനിയുടെ മുദ്രകള്‍, ബാങ്കുമായി ഒപ്പുവച്ച കരാര്‍, ചെക്ക് ബുക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. യു.എ.ഇ, അമേരിക്ക, ഇംഗ്ലണ്ട്, മൗറീഷ്യസ്, ബാര്‍ബഡോസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കു വിവിധ പദ്ധതികള്‍ക്കായാണ് വായ്പാ തുക മാറ്റിയത്.
വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രാ ബാങ്ക് മുന്‍ സഡയരക്ടര്‍ അനൂപ് ഗാര്‍ഗ്, സ്റ്റെര്‍ലിങ് ബയോടെക് ഡയരക്ടര്‍ ആര്‍.ബി ദീക്ഷിത്, രണ്‍ജീത് മാലിക് തുടങ്ങിയവരെ നേരത്തെ എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."