ഹജ്ജ്: ഇത്തവണ ചെലവേറും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ ഇത്തവണ ചെലവേറും. രൂപയുടെ മൂല്യത്തകര്‍ച്ചയും താമസ സ്ഥലത്തെ വാടക നിരക്ക് ഉയരുന്നതുമാണ് പ്രധാന കാരണം. ഹാജിമാര്‍ക്ക് താമസ സൗകര്യത്തിനായി മദീനയില്‍ കഴിഞ്ഞ തവണ 900 സഊദി റിയാല്‍ ചെലവിടേണ്ടി വന്നിടത്ത് ഇത്തവണ 1200 ആകുമെന്നാണ് സൂചന. മക്കയിലെ താമസ സ്ഥലത്തും മുന്‍വര്‍ഷത്തേക്കാള്‍ നിരക്ക് വ്യത്യാസമുണ്ടാകും.
ഹജ്ജ് വിമാന നിരക്കും ഇത്തവണ ഉയരും. ഡോളര്‍ നിരക്കിലാണ് ഹജ്ജ് സര്‍വിസ് നടത്തുന്ന വിമാന കമ്പനികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയില്‍ വില ഉയരുന്നതും കാരണം ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ടാകും.
അതിനിടെ ഹജ്ജ് അപേക്ഷ സ്വീകരണം ആദ്യആഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2,083 കവറുകളിലായി ലഭിച്ചത് 5,460 അപേക്ഷകള്‍. ഇതില്‍ 70 വയസുകാരുടെ വിഭാഗത്തില്‍ 94 കവറുകളിലായി 191 അപേക്ഷകളും മെഹ്‌റമില്ലാതെ സ്ത്രീകള്‍ മാത്രമായുള്ള വിഭാഗത്തില്‍ 23 കവറിലായി 95 അപേക്ഷകളും ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ 1,966 കവറുകളിലായി 5,174 അപേക്ഷകളാണ് ലഭിച്ചത്. അടുത്ത മാസം 17 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട്് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷവും സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട്് അവസരം നല്‍കിയിരുന്നത് കഴിഞ്ഞ വര്‍ഷം കേന്ദ്രഹജ്ജ് കമ്മിറ്റി നിര്‍ത്തലാക്കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് 65നും 69 നും ഇടയില്‍ പ്രായമുള്ള അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ ഇത്തരത്തില്‍ അനുമതി ലഭിച്ചത്.
മെഹ്‌റമില്ലാതെ 45 വയസിന് മുകളിലുള്ള സ്ത്രീകളുടെ സംഘത്തിനും കഴിഞ്ഞ വര്‍ഷം നേരിട്ട് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുസംബന്ധിച്ചും കേന്ദ്രം വ്യക്തത നല്‍കിയിട്ടില്ല. ഹജ്ജ് ഗൈഡ്‌ലൈന്‍ പ്രകാരം 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് നേരിട്ട് ഇത്തവണ അവസരം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."