രാജ്യത്തിന്റെ ഭാവിയില്‍ ആശങ്ക: ഐ.എ.എസ് ഓഫിസര്‍ രാജിവച്ചു
മംഗളൂരു: രാജ്യത്തിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച യുവ ഐ. എ.എസ്. ഓഫിസര്‍ ജോലിയില്‍ നിന്നും രാജി വച്ചു. ദക്ഷിണ കന്നട ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷനറായി ജോലി ചെയ്തു വന്നിരുന്ന ശശി കാന്ത് സെന്തിലാണ് ജോലിയില്‍ നിന്നും രാജി വച്ചത്. 2009 ബാച്ച് ഐ.എ.എസ് ഓഫിസറാണ് ഇയാള്‍.
ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്ന് സെന്തില്‍ തന്റെ രാജിക്കത്തില്‍ കുറിച്ചു.'വൈവിധ്യമാര്‍ന്ന നമ്മുടെ ജനാധിപത്യ അടിസ്ഥാന ഘടകങ്ങള്‍ മുന്‍കാലങ്ങളില്ലാത്ത തരത്തില്‍ സന്ധി ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് നേരെ കുടുതല്‍ ശക്തമായ വെല്ലുവിളികളുയരും. എല്ലാവരുടേയും ജീവിതം മെച്ചപ്പെട്ടതാകാനുള്ള തന്റെ ജോലി സിവില്‍ സര്‍വിസിന് പുറത്താകുന്നതാകും നല്ലതെന്ന് ഞാന്‍ കരുതുന്നു'.
വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രാജിയെങ്കിലും സാധാരണ നിലയിലല്ലെന്നും സെന്തില്‍ കത്തില്‍ പറയുന്നു. രാജി തീരുമാനത്തില്‍ നിന്ന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന് ശ്രമിച്ചതായി വിവരമുണ്ട്. എന്നാല്‍ കഴിഞ്ഞ ആറ് മാസകാലം താന്‍ ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ശശികാന്ത് സെന്ററില്‍ മറുപടി പറഞ്ഞതായി ഐ.എ.എസ് വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."