കുഞ്ഞിന് ജനനേന്ദ്രിയവും കൈവിരലുകളും ഇല്ല; സ്വകാര്യ ആശുപത്രിക്കെതിരേ പരാതി
തിരുവനന്തപുരം: ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ നവജാത ശിശു. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചു.
തിരുവനന്തപുരം മുറിഞ്ഞപാലത്തെ കോസ്മോപോളിറ്റന്‍ ആശുപത്രിക്കെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ ജനിച്ച കുഞ്ഞിനെ എട്ടാം മാസത്തില്‍ തുടര്‍ ചികില്‍സ വേണ്ടെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഡോക്ടര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് വിശദീകരിച്ച ആശുപത്രി അധികൃതര്‍ അഞ്ച് ലക്ഷം രൂപ ചികില്‍സാ ഫീസും ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി ശ്രദ്ധ അരുണ്‍ ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യങ്ങളുണ്ടായിരിക്കുന്നത്.
ജനിച്ചിട്ട് എട്ടുമാസമായെങ്കിലും പാല് കുടിക്കാനായിട്ടില്ല. വായിലെ എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ സിറിഞ്ചിലൂടെയാണ് പാല് നല്‍കുന്നത്. ഒരു കൈ പൂര്‍ണമായില്ല . വിരലുകളുമില്ല .രണ്ടാമത്തെ കൈയില്‍ എല്ലില്ല . ജനനേന്ദ്രിയം ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കണം.
ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവുമുണ്ട് .ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ , ഒന്നാം മാസം മുതല്‍ തന്നെ ആശുപത്രിയില്‍ സ്കാനിങ് നടത്തിയിരുന്നു. എന്നാല്‍ ഈ വൈകല്യങ്ങളിലൊന്നു പോലും ആശുപത്രിയോ പരിശോധിച്ച ഡോക്ടറോ കണ്ടെത്തിയില്ല.
ഏഴാം മാസത്തില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവന്നെ കാരണം പറഞ്ഞ് സിസേറിയന് നടത്തി. ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരേ കുടുംബം ബാലാവകാശ കമ്മിഷനെ സമീപിച്ചതോടെ തുടര്‍ ചികില്‍സ നല്കാന് ആശുപത്രിക്ക് കമ്മിഷന് നിര്‍ദേശം നല്കി.
പക്ഷേ അസുഖമേയില്ലെന്ന കാരണം പറഞ്ഞ് എട്ടാം മാസം ഡിസ്ചാര്‍ജ് ചെയ്തു.ശസ്ത്രക്രിയകള്‍ പലതു നടത്തിയാലും പരസഹായമില്ലാതെ കുഞ്ഞിന് ജീവിക്കാനാവില്ലെന്നാണ് ബാലാവകാശ കമ്മിഷന് നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.
തുടര്‍ ചികിത്സക്ക് ഇനിയും ഭീമമായ തുക വേണം. ഇതെങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."