മണ്‍സൂണ്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വെള്ളച്ചാട്ടങ്ങള്‍ ഒരുങ്ങി
അടിമാലി: മണ്‍സൂണ്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദേശീയപാതയോരത്ത് വെള്ളച്ചാട്ടങ്ങള്‍ പുനര്‍ജനിച്ചു. കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് ചീയപ്പാറ, വാളറ എന്നിവ.
ജൂണ്‍ മുതലുള്ള ആറുമാസം ഈ റോഡ് മണ്‍സൂണ്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ഇവര്‍ കൂടുതലും സാഹസികത ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാരെ ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചതോടെ ഹൈറേഞ്ചില്‍ രൂപപ്പെട്ടിരിക്കുന്നത്.
നേര്യമംഗലം പാലം കഴിഞ്ഞാല്‍ ഇപ്പോള്‍ വനമേഖലയില്‍ ആകമാനം മൂടല്‍മഞ്ഞും റോഡരുകില്‍ നിരവധി പുതിയ വെള്ളച്ചാട്ടങ്ങളുമാണ്. ഇതില്‍ ചീയപ്പാറ വെള്ളച്ചാട്ടം ഏഴു തട്ടുകളായാണ് ദേശീയപാതയോരത്ത് പതിക്കുന്നത്. ഏഴുതട്ടുകളും റോഡില്‍ നിന്നാല്‍ കാണുവാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്. സഞ്ചാരികളില്‍ ഭൂരിഭാഗംപേരും ഇവിടെ കുളിക്കുന്നു.
വേനല്‍കാലത്ത് വറ്റിവരളുന്നതും മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ വെള്ളച്ചാട്ടം വരുന്നതുമാണ് ഇതിന്റെ പ്രത്യേകത. വാളറ വെള്ളച്ചാട്ടം റോഡില്‍നിന്നും കണ്ട് ആസ്വദിക്കാം.
200 അടി ഉയരത്തില്‍നിന്നും വെള്ളം പാറക്കെട്ടില്‍ തട്ടി ചിതറുന്നതും ഇതുമൂലം ഉണ്ടാകുന്ന പൊടിമേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുന്നതും മണ്‍സൂണ്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്.
ദേവിയാര്‍ പുഴയിലെ വെള്ളം പെരിയാറില്‍ സംഗമിക്കുന്നന്നത് നേര്യമംഗലത്താണ്.
പിന്നീടുള്ള അടിമാലി വെള്ളച്ചാട്ടം, കൂമ്പന്‍പാറയിലെ പഞ്ചാരകുത്ത്, ചിത്തിരപുരത്തെ ആറ്റുകാട് വെള്ളച്ചാട്ടം എന്നിവയും മണ്‍സൂണ്‍ സഞ്ചാരികളുടെ ഇടത്താവളങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."