'ആലൂര്‍ ഒരുമ' വാക്ക് പാലിച്ചു; കൂമ്പ്ര പാലത്തിന് മുകളില്‍ വലകെട്ടി
പടിഞ്ഞാറങ്ങാടി: ആലൂര്‍ വട്ടത്താണി കൂമ്പ്ര തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പാലത്തിന്റെ ഇരുവശങ്ങളിലും വലകെട്ടി സംരക്ഷണം ഏര്‍പ്പെടുത്തി. കക്ഷി രാഷ്ട്രീയ ബേധമന്യേ പ്രവര്‍ത്തിക്കുന്ന ആലൂര്‍ ഒരുമയാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍.
പാലത്തിന് മുകളില്‍നിന്നും മറ്റും തോടിലേക്കും, റോഡിന്റെ ഇരു വശത്തേക്കും കോഴി മാലിന്യങ്ങളും, അറവ് മാലിന്യങ്ങളും, മറ്റും തള്ളുന്നത് നിത്യ കാഴ്ച്ചയാണ്. മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന മൃഗങ്ങളുടെ ശല്യവും പതിവ് കാഴ്ച്ചയാണ്. ആലൂര്‍ ഒരുമ വലകെട്ടുന്ന വിവരമറിഞ്ഞ് ഇവരെ സഹായിക്കാനെത്തിയ 'നന്മ കാശാമുക്ക് 'ന്റെ സഹായവും ഇവര്‍ക്ക് കരുത്തേകി. പാലത്തിന്റെ മുകളിലെ കാലുകളില്‍നിന്ന് വലിയ ഇരുമ്പ് കമ്പികള്‍ കെട്ടി അതിന്റെ മുകളിലൂടെയാണ് വല കെട്ടിയിരിക്കുന്നത്.
കഴിഞ്ഞ വേനലില്‍ പഞ്ചായത്തും, തൊഴിലുറപ്പ് ജീവനക്കാരും, ആലൂര്‍ ഒരുമയും ചേര്‍ന്ന് തോടും പരിസരവും വൃത്തിയാക്കിയിരുന്നു. ഇവിടങ്ങളില്‍, നെറ്റ് കെട്ടിയും, നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും ഈ ജല സ്രോദസുകള്‍ മലിനമാക്കുന്നത് തടയുമെന്ന് അന്ന് ഒരുമയിലെ സംഘാടകര്‍ പറഞ്ഞിരുന്നു. അതിലെ ഒന്നാമത്തെ വാഗ്ദാനമാണ് ഇപ്പോള്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇതുകൊണ്ട് പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ നിരീക്ഷണ കാമറകള്‍ എത്രയും വേഗം സ്ഥാപിക്കുമെന്നും സംഘാടകര്‍ പറയുന്നു. വേനലില്‍ പോലും കര്‍ഷകര്‍ക്കും മറ്റും വെള്ളം ലഭ്യമാകുന്ന ജല സ്രോതസുകളില്‍ പ്രധാനമാണ് ഭാരതപ്പുഴയില്‍ ചെന്ന് ചേരുന്ന ഈ തോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."