നയതന്ത്രജ്ഞന്റെ മകന്‍ മാവോയിസ്റ്റാകുമ്പോള്‍
സുഖലോലുപതകള്‍ എല്ലാം നുകര്‍ന്ന് ജീവിക്കാമായിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പിള്ളി എന്ന യുവാവ്. അതിനുവേണ്ട കുടുംബഭദ്രത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ ഹൈക്കമ്മിഷണറായിരുന്ന കണ്ണമ്പിള്ളി കരുണാകരമേനോന്റെ മകന്‍ എന്നതു തന്നെയായിരുന്നു മുരളിയുടെ വിലാസം. ലോകം ബഹുമാനിക്കുന്ന ഡിപ്ലോമാറ്റ്. പിതാവിനെ കണ്ടുവളര്‍ന്ന മുരളി കണ്ണമ്പിള്ളി ആര്‍ഭാടവും ബഹുമാനവും ലഭിക്കുന്ന ആ ജീവിതവഴിയിലേക്ക് തിരിഞ്ഞില്ല. മറിച്ച് അടിച്ചമര്‍ത്തപ്പെട്ടന്റെ ശബ്ദമാവാന്‍ മാവോയിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ആ വിപ്ലവ വഴിയില്‍ ഒപ്പം നടന്നവര്‍ പലവഴി തെറ്റിപ്പിരിഞ്ഞു പോയെങ്കിലും മുരളി കണ്ണമ്പിള്ളി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ മാവോ ബന്ധത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് നാലു വര്‍ഷം പൂനെ യെര്‍വാദ ജയിലില്‍ കഴിയേണ്ടി വന്നു.നാലുപതിറ്റാണ്ടിലേറെ ഒളിവില്‍ കഴിഞ്ഞ മുരളി 2015 മെയിലാണ് അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റുചെയ്തത്. നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ മുരളി കണ്ണമ്പിള്ളി ജയിലില്‍ നിന്നു പുറത്തിറങ്ങി.
മുരളിക്കായി ഉയര്‍ന്ന ലോക മുഷ്ടി
മഹാരാഷ്ട്ര ഭീകരവരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മുരളിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലിനേയും തടവറയിലാക്കിയിരുന്നു. നക്‌സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലായ മുരളി കണ്ണമ്പിള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തില്‍ ചാര്‍ത്തിയ വകുപ്പുകള്‍ നിസാരമാണ്. 40 വര്‍ഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളില്‍ ആള്‍മാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസുകള്‍ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കാന്‍ കൂട്ടായ പരിശ്രമം തന്നെ നടന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തുന്നതുമായിരുന്നു ഇരുവരുടെയും അറസ്റ്റ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തയാറാക്കിയ പ്രസ്താവന അയച്ചുകൊടുത്തപ്പോള്‍ പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയില്‍ തന്റെ പേരുകൂടി ചേര്‍ക്കൂ എന്നാണ്. നോം ചോംസ്‌കി, ജൂഡിത്ത് ബട്‌ലര്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.
രാജന്റെ സഹപാഠി
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അടിയന്തരാവസ്ഥ കാലത്തായിരുന്നു മുരളി കണ്ണമ്പിള്ളി എന്ന തീവ്രനേതാവിന്റെ വളര്‍ച്ചയുണ്ടായത്. കോഴിക്കോട് ആര്‍.ഇ.സിയില്‍ ഉന്നതപഠനത്തിന് എത്തിയ മുരളി അവിടെയുള്ള സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകര്‍ക്കൊപ്പം കൂടി സൗഹൃദം സ്ഥാപിച്ചു. യുവാക്കള്‍ക്കിടയില്‍ അതിവേഗം വിപ്ലവ ആവേശം വീശിയ സംഘടനയായിരുന്നു അന്ന് സി.പി.ഐ (എം.എല്‍). റീജിയണല്‍ എന്‍ജിനിയറിങ് കോളജില്‍ രാജന്റെ സഹപാഠിയായിരുന്നു മുരളി. 1976ല്‍ കായണ്ണ പൊലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ മുരളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഗൂഡാലോചന കുറ്റം ചുമത്തിയാണ് മുരളിയെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, തെളിവുകളില്ലെന്ന് കണ്ട് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഇതിനു ശേഷവും നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായി അദ്ദേഹം പ്രവര്‍ത്തിച്ചു. രാജന്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് അന്നത്തെ കോളജ് ക്യാംപസുകളെ ഏറെ പ്രക്ഷുബ്ദമാക്കിയിരുന്നു.
പ്രവര്‍ത്തനം രാജ്യാന്തര തലത്തില്‍
കേരളത്തിലെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും തീവ്ര കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്നുള്ള ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിലും അതിന് ആശയ വ്യക്തത നല്‍കുന്നതുമായിരുന്നു മുരളിയുടെ പ്രവര്‍ത്തന മേഖല. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മാതൃകയില്‍ തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളുള്ള ലോകത്തെ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനായി റവല്യൂണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് (റിം) രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രമുഖ ചുമതല നിര്‍വ്വഹിച്ചിരുന്നത് മുരളിയായിരുന്നു. റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മൂന്ന് സ്ഥാപക സംഘടനകളിലൊന്നായിരുന്നു സി.ആര്‍.സി, സി.പി.ഐ(എം.എല്‍). 1980കളില്‍ ആന്ധ്രപ്രദേശില്‍ നിരവധി സായുധ സമരങ്ങള്‍ നടത്താന്‍ സി.ആര്‍.സി, സി.പി.ഐ.എമ്മലിന് സാധിച്ചിരുന്നു.
അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മുഖപത്രമായ 'എ വേള്‍ഡ് ടു വിന്‍' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പിള്ളി.
അന്താരാഷ്ട്ര ജേര്‍ണലുകളില്‍ അടക്കം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1984ല്‍ ഫ്രാന്‍സില്‍ നടന്ന റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ് മുരളി. അജിത് എന്ന പേരില്‍ ഇന്ത്യന്‍ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഭിന്നിച്ചിട്ടും പിരിയാതെ
നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ വലിയ ഭിന്നിപ്പുണ്ടായപ്പോള്‍ കെ. വേണുവിനൊപ്പമായിരുന്നു മുരളി. വേണുവിന്റെ നേതൃത്വത്തില്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്ലി)ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മുരളി, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അജിത് എന്ന പേരില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ അറിയപ്പെട്ട മുരളി 'ഭൂമി ജാതി ബന്ധനം' എന്ന പേരില്‍ കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും അതിന്റെ വിനിയോഗത്തെയും സംബന്ധിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ നക്‌സലൈറ്റ് ആശയപ്രചാരത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
കെ. വേണു സി.ആര്‍.സി, സി.പി.ഐ(എം.എല്‍) വിട്ട് പൊതുജനാധിപത്യ പാതയിലേക്ക് വന്നപ്പോള്‍ മുരളി ഒപ്പം പോകാന്‍ തയ്യാറായില്ല. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നീട് അത് മാവോയിസ്റ്റ് യൂണിറ്റി സെന്റര്‍ (എം.യു.സി) ആയി മാറുകയും ചെയ്തു. എം. ഗീതാനന്ദന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗങ്ങളില്‍ മുരളി സജീവ സാന്നിധ്യമായിരുന്നു. 'മാവോയിസം' സൈദ്ധാന്തിക അന്വേഷണങ്ങളെക്കുറിച്ച് നിരന്തരം പ്രഭാഷണങ്ങള്‍ നടത്തി. ഗീതാനന്ദന്‍ പ്രസ്ഥാനം ഉപേക്ഷിച്ച് ദലിത് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതോടെ മുണ്ടൂര്‍ രാവുണ്ണിയുമായി ചേര്‍ന്ന് സി.പി.ഐ (എം.എല്‍) നക്‌സല്‍ബാരിയെന്ന സംഘടനരൂപീകരിച്ചു.
ഇക്കാലത്താണ് അയ്യന്‍കാളിപ്പടയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്ടറെ ബന്ധിയാക്കിയത്. കല്ലറ ബാബു, മണ്ണൂര്‍ അജയന്‍, രമേശന്‍, വിളയോടി ശിവന്‍കുട്ടി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് പരസ്യ സംഘടനയെന്ന നിലയില്‍ 'പോരാട്ട'ത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. ഇതേകാലത്ത് എറണാകുളത്തു നിന്ന് 'മുന്നണിപോരാളി' എന്ന മാസികയും പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ കാര്‍ഷിക മേഖലയെകുറിച്ച് അന്വേഷണം ആരംഭിച്ചത് ഇക്കാലത്താണ്.
ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനുമായി വിയോജിച്ച് റൗഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം സി.പി.ഐ (എം.എല്‍) റെഡ്ഫ്‌ളാഗ് വിടുകയും എം.യു.സിയുമായി ചേര്‍ന്ന് 1999ല്‍ സി.പി.ഐ(എം.എല്‍ നക്‌സല്‍ബാരി) എന്ന പുതിയ ഒരു ഗ്രൂപ്പിന് രൂപം നല്‍കുകയും ചെയ്തു. 2008 വരെ റൗഫ് ആയിരുന്നു ഇതിന്റെ ജനറല്‍ സെക്രട്ടറി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം മുരളി ഏറ്റെടുത്തു. സി.പി.ഐ(എം.എല്‍) നക്‌സല്‍ ബാരിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ നേപ്പാളിലെ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു മുരളി.
മാവോയിസ്റ്റില്‍ ലയിച്ചു,
പൊലിസിന്റെ നോട്ടപ്പുള്ളിയായി
ആന്ധ്രയിലെ പ്രബല ഗ്രൂപ്പ് ആയിരുന്ന സി.പി.ഐ (എം.എല്‍ പീപ്പിള്‍സ് വാര്‍) എം.സി.സിയും യോജിച്ച് സി.പി.ഐ(മാവോയിസ്റ്റ്) രൂപീകരിച്ച ശേഷം സമാന സ്വഭാവമുള്ള തീവ്രകമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പികുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരുന്നു. ആന്ധ്രയിലെ ചില ഭാഗങ്ങളിലും തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി മേഖലകളിലും സ്വാധീനമുണ്ടായിരുന്ന മുരളിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ (എം.എല്‍ നക്‌സല്‍ബാരി) ഇവര്‍ക്കൊപ്പം ചേരുന്നത് ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ്. 2014 മെയ് ഒന്നിനാണ് മുരളിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ നക്‌സല്‍ ബാരി, സി.പി.ഐ മാവോയിസ്റ്റില്‍ ലയിക്കുന്നത്. പിന്നീടിങ്ങോട്ട് പൊലിസിന്റെ നോട്ടപ്പുള്ളിയായി.
മാവോയിസ്റ്റില്‍ ലയിക്കുന്നതിന് മുന്‍പുവരെ മുരളിയുടെ പ്രവര്‍ത്തനം പൊലിസിന്റെ തീവ്രശ്രദ്ധയുണ്ടായിരുന്നില്ല. ലനയശേഷം സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായതോടെയാണ് പൊലിസ് മുരളിയുടെ നീക്കങ്ങളെയും നിരീക്ഷിച്ചുതുടങ്ങിയത്. ആന്ധ്ര പൊലിസും തമിഴ്‌നാട് പൊലിസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ രൂപേഷ് അടക്കമുള്ള ദക്ഷിണേന്ത്യന്‍ നേതാക്കളെ പിടികൂടിയതിനു പിന്നാലെയാണ് മുരളിയെ മഹാരാഷ്ട്ര പൊലിസ് പൂനെയില്‍ പിടികൂടുന്നത്.
കുടുംബം
എറണാകുളം ഇരുമ്പനത്താണ് മുരളിയുടെ കോന്നത്ത്തറവാട്. അച്ഛന്‍, എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായിരുന്നു. പേര് കരുണാകരമേനോന്‍. കോണ്‍സുലേറ്റര്‍, ഹൈക്കമ്മിഷണര്‍, അംബാസഡര്‍ എന്നീ പദവികളില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന ജെന്നി എന്ന നായരമ്പലം സ്വദേശിയായ ഒരു ദലിത് സ്ത്രീയെയാണ് മുരളി വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. മുരളിയുടെ മകന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്.
തടവറയിലെ അനുഭവം
ആദ്യത്തെ മൂന്നുമാസത്തോളം ഒന്നും വായിക്കാന്‍ കിട്ടിയില്ല. പത്രംതന്നെ കഷ്ടിച്ചാണ് കിട്ടിയത്. പത്രം വാങ്ങിക്കാന്‍ മണിയോര്‍ഡര്‍ വന്നെങ്കിലും വെരിഫിക്കേഷന്റെ പേരുപറഞ്ഞ് തടഞ്ഞുവച്ചു. സ്വന്തമായി പത്രം വാങ്ങാനും പറ്റില്ല. തിലകിന്റെ ഗീതാരഹസ്യം ആവശ്യപ്പെട്ടു. അത് ലൈബ്രറിയിലില്ല. വാങ്ങാന്‍ അനുമതി കിട്ടി. കോടതിയെ സമീപിച്ചാണ് മറാഠി ഡിക്ഷ്ണറി ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള അനുവാദം നേടിയെടുക്കുന്നത്. വായിക്കാന്‍ തുടങ്ങുന്നതിന് രണ്ടുവര്‍ഷം വേണ്ടിവന്നു. ചില പുസ്തകങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് മകന്‍ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊണ്ടുവന്നു. അത് അനുവദനീയമല്ല എന്നായി. പിന്നീട് അനുവദിച്ചു. ഉറുദു പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ ലേണ്‍ 'ഉറുദു 30 ഡേയ്‌സ്' എന്ന പുസ്തകം മകന്‍ കൊണ്ടുവന്നുതന്നു. ആ പുസ്തകം ഒഴികെയുള്ള പുസ്തകങ്ങള്‍ തന്നു. ആ പുസ്തകമെന്താ തരാത്തത് എന്നായപ്പോള്‍, 'കേരളത്തില്‍നിന്നുള്ള മുരളീധരന്‍ എന്തിനാണ് ഉറുദു പഠിക്കുന്നത്' എന്നായിരുന്നു വിചിത്രമായ ചോദ്യം. ഉറുദുവിനോടുള്ള വര്‍ഗീയഭാവം. യെര്‍വാദയിലാണ് ഇത് നടക്കുന്നത്. പുനെ എന്നത് മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനമാണെന്ന് ഓര്‍ക്കണം. യെര്‍വാദ ജയിലധികാരികള്‍ അക്ഷരവിരോധികളാണ്. അവസാനവര്‍ഷം വധശിക്ഷാ തടവുകാര്‍ക്കൊപ്പമായിരുന്നു. അവര്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അവരില്‍ മൂന്നുപേരെ മറാഠി, രണ്ടുപേരെ ഹിന്ദി, ആറോളം തടവുകാരെ ഇംഗ്ലീഷ് എന്നിവ പഠിപ്പിച്ചു.
ഇനിയുള്ള ജീവിതം
ജനാധിപത്യത്തെകശാപ്പ് ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയാവസ്ഥകള്‍ മറികടക്കാന്‍ യുവതലമുറയെ പ്രാപ്തമാക്കാന്‍ ഉപകരിക്കുന്ന പുസ്തകങ്ങള്‍ എഴുതണമെന്നാണ് തന്റെ ആഗ്രഹം. രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും, കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകം രചിച്ചു. ഈ പുസ്തകം കുടുതല്‍ വിവരങ്ങളുമായി പുതിയ പതിപ്പ് ഇറക്കുന്നതിന്റെ പണിയാണ് ആദ്യം. മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം ആസ്പദമാക്കി ഇംഗ്ലീഷില്‍ ഒരു പുസ്തകവും, നാലുവര്‍ഷം ജയില്‍ ജീവിതത്തിനിടയില്‍ എഴുതി പൂര്‍ത്തിയാക്കിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകവും ഇറക്കാന്‍ പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."