നോര്‍വേയിലെ പകല്‍വെളിച്ചത്തിലെ റമദാന്‍ 'രാവുകള്‍'
ഭൂമിയുടെ ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളിലൊന്നാണ് നോര്‍വേ. തണുത്ത കാലാവസ്ഥയും മഞ്ഞുപുതച്ച താഴ്‌വരകളുമുള്ള ഈ യൂറോപ്യന്‍ രാജ്യത്ത് 50 ലക്ഷം പേര്‍ ജീവിക്കുന്നു. ജനസംഖ്യയുടെ 85 ശതമാനവും വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. ഒന്നര ലക്ഷത്തോളം മുസ്‌ലിംകള്‍ നോര്‍വേയിലുണ്ട്. ജനസംഖ്യയുടെ 3 ശതമാനം.
13ാം നൂറ്റാണ്ടില്‍ തുടങ്ങിയതാണ് നോര്‍വേയുടെ മുസ്‌ലിംകളുമായുള്ള സമ്പര്‍ക്കം. തുനീഷ്യന്‍ സുല്‍ത്താന്റെ നയതന്ത്ര പ്രതിനിധികള്‍ 1260ല്‍ രാജ്യത്തെത്തിയതോടെയായിരുന്നു ഇത്. എങ്കിലും വലിയ തോതിലുള്ള മുസ്‌ലിം ജനവാസം അരനൂറ്റാണ്ടു മുന്‍പേ തുടങ്ങിയിട്ടുള്ളൂ. പാകിസ്താന്‍, ഇറാഖ്, സൊമാലിയ, തുര്‍ക്കി രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം നടത്തിയവരാണ് നോര്‍വീജിയന്‍ മുസ്‌ലിംകളില്‍ സിംഹഭാഗവും. രാജ്യത്ത് അതിവേഗം വളരുന്ന മതവും ഇസ്‌ലാം തന്നെ.
അതീവ വിചിത്രമാണ് നോര്‍വേയിലെ റമദാന്‍ വിശേഷങ്ങള്‍. ലോകത്തേറ്റവും സുദീര്‍ഘമായ പകല്‍ സമയത്തിനു പ്രസിദ്ധമായ രാജ്യത്ത് 22 മണിക്കൂര്‍ വരെ നോമ്പിന് ദൈര്‍ഘ്യം കാണാറുണ്ട്. ഉഷ്ണകാലത്തും ശൈത്യകാലത്തും റമദാന്‍ മാസം മാറിവരുന്നതനുസരിച്ച് ഏറ്റവുമധികം ദൈര്‍ഘ്യമുള്ളതും ദൈര്‍ഘ്യം കുറഞ്ഞതുമായ നോമ്പുകളനുഭവിക്കാന്‍ നോര്‍വീജിയന്‍ മുസ്‌ലിംകള്‍ക്ക് അവസരമുണ്ടാകുന്നു.
നവംബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സൂര്യന്‍ ഉദിക്കാറേയില്ല. മൂന്നു മാസത്തോളം സമ്പൂര്‍ണമായ ഇരുട്ടിലായിരിക്കും ഈ പ്രദേശങ്ങളത്രയും. അതേസമയം മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ സൂര്യന്‍ തീരെ അസ്തമിക്കാതിരിക്കുന്നതും ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്. ഇക്കാരണത്താല്‍, ചില വര്‍ഷങ്ങളിലെ റമദാന്‍ രാവുകള്‍ സൂര്യവെളിച്ചത്തിലായിരിക്കും. മറ്റു ചില വര്‍ഷങ്ങളിലെ പകലുകള്‍ പോലും സമ്പൂര്‍ണ ഇരുട്ടിലും!
രാപ്പകല്‍ സമയങ്ങളിലെ ഈ വലിയ വ്യതിയാനം കാരണം വ്യത്യസ്ത രീതികളാണ് നോമ്പുകാര്യത്തില്‍ നോര്‍വേ മുസ്‌ലിംകള്‍ പിന്തുടരുന്നത്. ദൈര്‍ഘ്യം നോക്കാതെ, സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ വ്രതമനുഷ്ഠിക്കുന്നവരാണ് ഒരു വിഭാഗം.
തുര്‍ക്കി, സഊദി അറേബ്യ പോലുള്ള ചില രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നോമ്പുസമയം ചിട്ടപ്പെടുത്തുന്നവരുമുണ്ട്. അയര്‍ലന്റിലെ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസര്‍ച്ച് പുറപ്പെടുവിക്കുന്ന ഫത്‌വകളാണ് മേഖലയിലെ ഭൂരിഭാഗം മുസ്‌ലിംകളും ഇക്കാര്യത്തില്‍ അന്തിമമായി അവലംബിക്കാറ്.
നോമ്പിന് 22 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവുമ്പോള്‍ പകല്‍ സമയത്താണ് തറാവീഹ് ഉള്‍പ്പെടെയുള്ള നിസ്‌കാരങ്ങള്‍ നടക്കുക. സൂര്യാസ്തമയം മുതല്‍ ഉദയം വരെയുള്ള കേവലം 2 മണിക്കൂര്‍ സമയം നോമ്പുതുറ, മഗ്‌രിബ്- ഇശാ നിസ്‌കാരങ്ങള്‍, അത്താഴം എന്നിവക്കു പോലും മതിയാവാത്തതിനാലാണിത്. ഇത്തരം ഘട്ടങ്ങളില്‍ നോമ്പുതുറയും അത്താഴവും ഒരുമിച്ച് കഴിക്കുന്നതും സാധാരണയാണ്.
ഉത്തര നോര്‍വീജിയന്‍ നഗരമായ ട്രോംസോയിലാണ് ദൈര്‍ഘ്യമേറിയ നോമ്പുപകലുകള്‍ ഏറ്റവുമധികം ഉണ്ടാവാറ്. നഗരത്തിലെ അല്‍നൂര്‍ മസ്ജിദിന്, ഭൂമിയുടെ ഏറ്റവും വടക്കുഭാഗത്തുള്ള മസ്ജിദ് എന്ന ലോകറെക്കോര്‍ഡുമുണ്ട്. തുര്‍ക്കിഷ് വിഭവങ്ങളായ പൈഡ് റൊട്ടി, മെസിര്‍ മാകുനു, ഗുലാഷ് ഡെസര്‍ട്ട് എന്നിവക്കൊപ്പം വിവിധ പഴങ്ങളും വിഭവങ്ങളും ചേരുന്നതാണ് നോര്‍വീജിയന്‍ ഇഫ്താര്‍ വിഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."