ശബരിമലയില്‍ സി.പി.എം വളണ്ടിയര്‍മാരെ രംഗത്തിറക്കുന്നതുമൂലം ആര്‍.എസ്.എസ്-ബി.ജെ.പി ശക്തി പ്രാപിക്കും: ബെന്നി ബെഹനാന്‍
പാലക്കാട്: ശബരിമലയില്‍ സി.പി.എം വളണ്ടിയര്‍മാരെ രംഗത്തിറക്കുന്നതുമൂലം ആര്‍.എസ്.എസ്-ബി ജെ പി ശക്തിപ്രാപിക്കുമെന്ന് യു.ഡി.എഫ്് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തെ സംരക്ഷിക്കാനെന്ന പേരില്‍ സി.പി.എം 1680 വളണ്ടിയര്‍മാരെ രൂപീകരിച്ചത് സന്നിധാനത്തെ കലാപഭൂമിയാക്കാന്‍ വേണ്ടിയാണെന്നും അദേഹം പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം വളണ്ടിയര്‍മാരെ രംഗത്തിറക്കുന്നതുമൂലം ആര്‍.എസ്.എസ് - ബി.ജെ.പി ശക്തിപ്രാപിക്കും. പിണറായിയും ആര്‍.എസ്.എസും തമ്മില്‍ ഉണ്ടാക്കിയ രഹസ്യധാരണയാണ് ശബരിമലയിലെ ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.
പരിപാവനമായ പുണ്യസ്ഥലമാണ് ശബരിമല. അവിടെ ആചാരാനുഷ്ഠാനങ്ങള്‍ അതുപോലെ നടക്കണം. നാളിതുവരെ കോടതിയെ പുച്ഛിക്കുകയും മറ്റും ചെയ്ത സി.പി.എമ്മിന് എപ്പോഴാണ് കോടതിയോട് ഇത്രയേറെ സ്‌നേഹം തോന്നിയത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ശബരിമലയിലെ വരുമാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തീറ്റിപ്പോറ്റാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാളിതുവരെ ശബരിമലയിലേക്ക് കോടാനുകോടി ഭക്തജനങ്ങള്‍ വരുമ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടികളും ഇടപെട്ടിട്ടില്ല. വിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലയില്‍ നാനാജാതി മതസ്ഥര്‍ ദര്‍ശനം നടത്തുന്നുണ്ട്. നാടിന്റെ മതസൗഹാര്‍ദ്ദത്തെ കീറി മുറിക്കുന്ന നിലപാടാണ് ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിന്റേത്. പിണറായിയും സി.പി.എമ്മും ഇതില്‍ നിന്നും പിന്തിരിയണം. പുതിയൊരു നവോത്ഥാന നായകന്‍ എന്ന പദവി ചമയാനാണ് പിണറായി വിജയന്റെ ശ്രമം. എന്നാല്‍ നവോത്ഥാന രംഗത്ത് ഇതുവരെ ഒരു പേരു പോലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി.പി.എം. ചരിത്രത്താളുകളില്‍ ഒന്നും നവോത്ഥാന രംഗത്ത് സി പി എം നേതാക്കളെ കണ്ടിട്ടില്ല. സംഘര്‍ഷം ഉണ്ടാക്കി നവോത്ഥാനം ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പിറവി എടുക്കുന്നതിന് മുന്‍പു തന്നെ നവോത്ഥാനം ഉണ്ടായിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പേരില്‍ ശബരിമല ദര്‍ശനത്തിനെത്തിയ വിശ്വാസികളുടെ പേരില്‍ കേസെടുത്തത് ശരിയായ നടപടിയല്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ശക്തമായ ബഹുജന പിന്തുണയോടെ വിശ്വാസം സംരക്ഷിക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും. കൊടി ഉയര്‍ത്തിയോ, കലാപമുണ്ടാക്കിയോ അല്ല ഇതിനായി രംഗത്തിറങ്ങുക, ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരമാര്‍ഗമാണ് ലക്ഷ്യമിടുന്നത്. സവര്‍ണ-അവര്‍ണ സംഘര്‍ഷം ഉണ്ടാക്കാനാണ് ശബരിമല വിഷയത്തില്‍ സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. റിവ്യുഹര്‍ജി കൊടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. വിഭാഗീയത ഉണ്ടാക്കി ജനങ്ങളെ രണ്ടു തട്ടിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഡി.ജി.പി സെന്‍കുമാര്‍ വിഷയത്തിലും ബാര്‍ വിഷയത്തിലും റിവ്യൂഹര്‍ജി നല്‍കിയത് എന്തിനാണെന്നും ബെന്നി ബെഹനാന്‍ ചോദിച്ചു.
സ്ത്രീ സുരക്ഷയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നാണ് സി.പി.എമ്മിന്റെ വാദം. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ വനിതാ സഖാവ് തന്നെ പരാതി കൊടുത്തിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷനംഗമായ മന്ത്രി എ കെ ബാലനൊപ്പം ഇന്നലെ കുറ്റാരോപിതനായ പി.കെ ശശി വേദി പങ്കിട്ടു. ഇതില്‍ നിന്നു തന്നെ കമ്മിഷന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണ്. അന്വേഷണം പൂര്‍ത്തിയായെന്നാണ് രണ്ടംഗ കമ്മിഷന്‍ പറയുന്നത്. എന്തുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാവുന്നില്ല. പി.കെ ശശിക്കൊപ്പമാണ് കമ്മീഷന്‍ എന്നതിന് വ്യക്തമായ തെളിവാണിതെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."