ഒരേയൊരു സാന്ദ്ര
തിരുവനന്തപുരം: പ്രളയം പോലെ റെക്കോര്‍ഡ് പിറന്നില്ല. റെക്കോര്‍ഡുകള്‍ കടപുഴകി വീഴുമെന്ന് പ്രതീക്ഷിച്ച അനന്തപുരിയുടെ മൈതാനത്ത് ഇന്നലെ ജ്വലിച്ചു നിന്നത് സാന്ദ്ര മാത്രം. അഞ്ജു ബോബി ജോര്‍ജ് അടക്കം ഒരുപിടി ഒളിംപ്യന്മാരുടെ ആശാനായ ടി.പി ഔസേപ്പിന്റെ ശിഷ്യ സാന്ദ്ര ബാബുവാണ് വ്യക്തിഗത റെക്കോര്‍ഡ് നേട്ടത്തിന് ഉടമയായ താരം.
പിന്നീട് റെക്കോര്‍ഡ് വന്നത് ട്രാക്കില്‍ 4-100 മീറ്റര്‍ റിലേയിലും. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരമാണ് മീറ്റ് റെക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. എറണാകുളം കോതമംഗലം എം.എ കോളജ് ഹോസ്റ്റല്‍ താരമായ സാന്ദ്ര ബാബു മാതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സീനിയര്‍ വിഭാഗം ട്രിപ്പിള്‍ ജംപിലായിരുന്നു സാന്ദ്രയുടെ റെക്കോര്‍ഡിലേക്കുള്ള കുതിച്ചുചാട്ടം.
രണ്ടാം ശ്രമത്തിലായിരുന്നു സാന്ദ്ര റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 12.81 മീറ്ററാണ് സാന്ദ്ര ചാടിയത്. 2012 ല്‍ തിരുവനന്തപുരത്തിന്റെ ജെനിമോള്‍ ചാടിയ 12.78 മീറ്റര്‍ ദൂരമാണ് സാന്ദ്ര മറികടന്നത്. റെക്കോര്‍ഡ് നേട്ടം ലക്ഷ്യമാക്കി തന്നെയായിരുന്നു ഔസേപ്പിന്റെ പ്രിയ ശിഷ്യ തന്റെ അവസാന സ്‌കൂള്‍ മീറ്റിന് എത്തിയത്.
ദേശീയ സ്‌കൂള്‍ മീറ്റില്‍ ഇതിലും മികച്ച ദൂരമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് സാന്ദ്ര പറഞ്ഞു. ആദ്യദിനം ലോങ്ജംപില്‍ സാന്ദ്ര വെള്ളി നേടിയിരുന്നു.
ട്രിപ്പിള്‍ ജംപില്‍ നിലവിലെ ദേശീയ ചാംപ്യന്‍ കൂടിയാണ് സാന്ദ്ര. പാലാ മീറ്റില്‍ ജൂനിയര്‍ ലോങ്ജംപിലും സാന്ദ്ര റെക്കോര്‍ഡ് കുറിച്ചിരുന്നു. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് അഞ്ചു വര്‍ഷം മുമ്പ് കണ്ണൂര്‍ കേളകം സ്വദേശിനിയായ സാന്ദ്ര എം.എ കോളജ് ഹോസ്റ്റലിലേക്ക് വരുന്നത്. ടി.പി ഔസേപ്പിന്റെ കീഴില്‍ പരിശീലനം തുടങ്ങി. രണ്ടു വര്‍ഷത്തിന് ശേഷമായിരുന്നു സംസ്ഥാന സ്‌കൂള്‍ മീറ്റുകളില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. കേളകം തയ്യുള്ളതില്‍ വീട്ടില്‍ ബാബുവിന്റെയും മിശ്രയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."