മുളവൂര്‍ തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി തോട്ടില്‍ കുളിച്ചവര്‍ക്കു ചൊറിച്ചിലും അസ്വസ്ഥതയും; നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സതേടി
മൂവാറ്റുപുഴ: മുളവൂര്‍ തോട്ടില്‍ കുളിക്കുന്നവര്‍ക്കു ചൊറിച്ചിലും അസ്വസ്ഥതയും. നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. തോടിലെ വെള്ളത്തില്‍ കുളിച്ചവര്‍ക്കും വസ്ത്രങ്ങള്‍ അലക്കിയവര്‍ക്കുമാണ് ചൊറിച്ചിലും അസ്വസ്ഥയും അനുഭവപ്പെട്ടത്.
ഇതോടെ നാട്ടുകാര്‍ ഹെല്‍ത്ത് വിഭാഗത്തിനു പരാതി നല്‍കി. രണ്ട് ദിവസമായി തോട്ടിലെ വെള്ളത്തിനു കളര്‍മാറ്റം വന്നുതുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നു മലിനജലം തോട്ടിലേക്ക് ഒഴുകുന്നതായി കണ്ടെത്തി. മാനാറിയില്‍ നിന്ന് ഉത്ഭവിച്ച് മുളവൂര്‍ തോടില്‍ അവസാനിക്കുന്ന കല്‍ചിറയില്‍ നിന്നാണു മലിന ജലം തോടിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്.
മാനാറി, പായിപ്ര ഭാഗങ്ങളിലെ ക്രഷര്‍ യൂനിറ്റുകളില്‍ നിന്നു പാറമണല്‍ കഴുകുന്ന മലിന ജലം കല്‍ചിറ വഴി മുളവൂര്‍ തോടില്‍ പതിക്കുന്നതാണ് തോടിലെ വെള്ളം മലിനമാകുവാനും നാട്ടുകാര്‍ക്കു ചൊറിച്ചിലും അസ്വസ്ഥതക്കും കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. തോട് മലിനമായതോടെ തോടിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്. തച്ചോടത്തും പടി കുടിവെള്ള പദ്ധതി, കാവാട്ടമുക്ക് എസ്.സി.
കുടിവെള്ള പദ്ധതി എന്നിവയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്. രാത്രി കാലങ്ങളിലാണ് പാറമണല്‍ കഴുകി വെള്ളം ഒഴുക്കുന്നത്. മേതല ഇരമല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച് മുവാറ്റുപുഴയാറില്‍ അവസാനിക്കുന്ന 27-കിലോമീറ്റര്‍ വരുന്നതാണ് മുളവൂര്‍ തോട്. ചെറുവട്ടൂര്‍, ഊരംകുഴി, മുളവൂര്‍, ആട്ടായം, പ്രദേശങ്ങളിലെ അനേകായിരങ്ങള്‍ മുളവൂര്‍ തോടിനെയാണ് ആശ്രയിക്കുന്നത്. ഈസ്റ്റ് പായിപ്ര, ആയക്കാട്, മുളവൂര്‍ പെരിയാര്‍വാലി കനാലുകളില്‍ നിന്നുള്ള വെള്ളം തോടില്‍ പതിക്കുന്നതിനാല്‍ കനത്ത വേനലിലും തോട് ജലസമൃദ്ധമാണ്. മുളവൂര്‍ തോട് മലിനമാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."