ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി; ലാപ്ടോപ്പ് ഹാജരാക്കാന്‍ നോട്ടിസ്
വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ലാപ്ടോപ്പ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണസംഘം നോട്ടിസ് നല്കി. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും നോട്ടിസില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിനു മുന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെ രാവിലെ ഹാജരായപ്പോഴാണ് നോട്ടിസ് നല്‍കിയത്. ലാപ്ടോപ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഷപ്പ് ലാപ്ടോപ്പ് കൊണ്ടുവന്നിരുന്നില്ല.
ഇതോടെ പൊലിസ് കര്‍ശന നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
2016ല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ ഒരു സ്ത്രീ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയിരുന്നെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും അതിന്റെ പ്രതികാരമായിട്ടാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്നുമാണ് ബിഷപ്പ് പറയുന്നത്. എന്നാല്‍ അന്വേഷണസംഘം ഇത് വിശ്വസിച്ചിട്ടില്ല.
കന്യാസ്ത്രീക്കെതിരേയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്പ്ടോപ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ഉത്തരവിന്റെ പകര്‍പ്പും മറ്റും ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ ബിഷപ്പിനെതിരേ പരാതി നല്‍കിയതിന് ശേഷമാണ് അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ജലന്ധറില്‍ വച്ച് ബിഷപ്പിന്റെ ഒരു ലാപ്പ്ടോപ്പ് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തത് ഇതില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."