വയനാടിന്റെ റാഷിദ്, ഗോകുലത്തിന്റെ ഉപനായകന്‍
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: ഇന്നലെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ചുരത്തിന് മുകളിലും അതിന്റെ പ്രകമ്പനം മുഴങ്ങി.
ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത വയല്നാട്ടുകാര് തങ്ങളുടെ പ്രിയപ്പെട്ട താരം കളത്തിലിറങ്ങുന്നതിന് കാതോര്‍ത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ സീസണ് മുതല്‍ ഗോകുലത്തിനായി മധ്യനിരയില്‍ കളിമെനയുന്ന മുണ്ടേരിക്കാരന് മുഹമ്മദ് റാശിദിനായി ആര്ത്തുവിളിക്കാനായിരുന്നു വയനാട്ടുകാര്‍ ഇന്നലെ ടെലിവിഷന്‍ മുന്നില്‍ കണ്ണുനട്ടിരുന്നത്. ആദ്യ ഇലവനില്‍ റാശിദിന് സ്ഥാനം ലഭിച്ചില്ലെങ്കിലും ടീമിന്റെ ഉപനായകനെന്ന പൊന്‍കിരീടമാണ് ടീം മാനേജ്മെന്റ് റാശിദിന് ചാര്‍ത്തി നല്‍കിയത്.
ഐ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ആയിരങ്ങള്‍ക്ക് മുന്നിലേക്ക് ഇന്നലെ ഇറങ്ങാനായില്ലെങ്കിലും അടുത്ത മത്സരങ്ങളില്‍ ഗ്രൗണ്ടില്‍ ചടുലതന്ത്രങ്ങളുമായി റാശിദെത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.
കാല്പന്തു കളിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൂരമായ ഐ ലീഗില്‍ സുശാന്ത് മാത്യുവിന് ശേഷം ബൂട്ടണിഞ്ഞ വയനാട്ടുകാരനാണ് മുണ്ടേരിക്കാരുടെ സ്വകാര്യ അഹങ്കാരമായ മുഹമ്മദ് റാശിദെന്ന യുവരക്തം.
പത്താംതരം വരെ മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പന്തുതട്ടിയ റാശിദ് പ്ലസ്ടുവിന് കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പന്ത് തട്ടിയത്്. അക്കാലത്ത് മാതൃഭൂമി നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച താരമായതോടെ കായികപ്രേമികള്‍ റാശിദെന്ന മിഡ്ഫീല്‍ഡറെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ റാശിദ് കോതമംഗലം എം.എ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോടെ മിഡ്ഫീല്‍ഡില്‍ കളിമെനയാനുള്ള റാശിദിന്റെ വൈഭവവും വളര്‍ന്നുവന്നു.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം എം.ജി യൂനിവേഴ്സിറ്റി ടീമിന്റെ മധ്യനിരയില്‍ കളിമെനഞ്ഞ റാശിദ് മൂന്നാംവര്‍ഷം നായകനുമായി. ഇതിനിടയില്‍ കോട്ടയം ജില്ലാ ടീമിനായി സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ ബൂട്ടുകെട്ടി.
വയനാട്ടില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി സ്വന്തം നാട്ടുകാരുടെ കൈയടി വാങ്ങിയ റാശിദ് ടീമിനെ കപ്പില്‍ മുത്തമിടീക്കുകയും ചെയ്തു.
ഈ കളി മികവാണ് ഗോകുലം എഫ്.സിയിലേക്ക് റാശിദിന് വാതില്‍ തുറന്നത്.
കുട്ടിക്കാലത്ത് മുണ്ടേരി സ്കൂളില്‍ ഗ്രൗണ്ടില്‍ സഹോദരനും മുന്‍ വയനാട് ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് റഫീഖിനൊപ്പം പന്തു തട്ടാനെത്തിയ റാശിദിന് ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് വയനാട് ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റായ അനില്‍കുമാറും മുണ്ടേരി ഇലവന് ബ്രദേഴ്സിന്റെ മാനേജരായ ഗ്ലാഡ്സനുമായിരുന്നു.
ഒപ്പം ജില്ലയിലെ പ്രമുഖ പരിശീലകനായ ബൈജുവിന്റെ ശിക്ഷണവും റാശിദിന് ലഭിച്ചു.ബൈജു, ചന്ദ്രു, അയ്യൂബ് എന്നിവരാണ് റാശിദിനെ എം.എ കോളജിലേക്കുള്ള സെലക്ഷന് പ്രാപ്തരാക്കിയവര്‍.
റാശിദിലെ മിഡ്ഫീല്‍ഡ് ജനറലിനെ രാകിമിനുക്കിയത് കോതമംഗലം എം.എ കോളജിന്റെ പരിശീലകനായ രാജുവാണ്. ഗോകുലം എഫ്.സിയുടെ കോച്ച് ബിനോ ജോര്‍ജിന്റെ കൈകളില്‍ റാശിദ് എത്തിയതോടെ കാലുകൊണ്ടും തലകൊണ്ടും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ആര്‍ജവം ലഭിച്ചു.
കല്‍പ്പറ്റ ഫാല്ക്കന്സിനായി നിരവധി മത്സരങ്ങളില്‍ മധ്യനിര കാത്ത റാശിദ് ഇനിയും ഉയരങ്ങള്‍ കീഴടക്കുന്നെ ശുഭാപ്തി വിശ്വാസത്തിലാണ് നാടും കുടുംബവും. തോങ്ങാടന് പാത്തുമ്മയുടെ രണ്ടാമത്തെ മകനാണ് റാശിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."