വെട്ടത്തൂര്‍ എസ്.കെ.എസ്.എസ്.എഫിന്റെ സൗജന്യ വളര്‍ത്താട് വിതരണം 12ാം വര്‍ഷത്തിലേക്ക് വിതരണം ചെയ്തത് 120ഓളം ആടുകളെ
വെട്ടത്തൂര്‍: ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ സൗജന്യ വളര്‍ത്താട് വിതരണം 12ാം വര്‍ഷത്തിലേക്ക്. ഓരോ റമദാനിലും മഹല്ലിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വളര്‍ത്താട് നല്‍കുന്നതാണ് പദ്ധതി. 12വര്‍ഷം കൊണ്ട് 70ലേറെ കുടുംബങ്ങളിലായി 120ഓളം പേര്‍ക്ക് വളര്‍ത്താടുകളെ വിതരണം ചെയ്തു. രണ്ടു കുടുംബങ്ങള്‍ക്ക് കറവപശുവും നല്‍കി.
റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2006ലാണ് ശാഖാ കമ്മിറ്റിക്കു കീഴില്‍ സൗജന്യ വളര്‍ത്താട് വിതരണത്തിനു തുടക്കമായത്. ആദ്യഘട്ടത്തില്‍ അഞ്ച് ആടുകളുമായി തുടങ്ങിയ പദ്ധതി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഓരോവര്‍ഷവും പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നുവെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
ഒരുവര്‍ഷം നിശ്ചിത കുടുംബങ്ങള്‍ക്ക് നല്‍കുന്ന വളര്‍ത്താടില്‍ നിന്ന് അടുത്തവര്‍ഷം ഒരുകുഞ്ഞിനെ ഏറ്റെടുത്ത് വിതരണം നടത്തിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ശാഖാ കമ്മിറ്റിയുടെ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2015ല്‍ തൃശൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കീഴ്ഘടകങ്ങള്‍ക്കുള്ള ബെസ്റ്റ് പെര്‍ഫോമെന്‍സ് അവാര്‍ഡും സംഘടനെയെ തേടിയെത്തിയിട്ടുണ്ട്.
ഈവര്‍ഷം തെരെഞ്ഞെടുക്കപ്പെട്ട എട്ടോളം കുടുംബങ്ങള്‍ക്കാണ് വളര്‍ത്താട് വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് ജന.സെക്രട്ടറി അഡ്വ.കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ചടങ്ങില്‍ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം, ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് വസ്ത്ര വിതരണം, സംസ്ഥാന ഇസ്‌ലാമിക് കലാമേള വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം എന്നിവയും നടന്നു. സമസ്ത മുഫത്തിശ് ഹംസ ഫൈസി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി.
ശാഖ സെക്രട്ടറി പി.മുസ്തഫ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹല്ല് ഖത്വീബ് ഹാഫിള് കെ.വി മുനീര്‍ വാഫി, എന്‍. അബ്ദുല്ല ഫൈസി, കെ.വി ഇസ്മാഈല്‍ മാസ്റ്റര്‍, പി. ശംസുദ്ദീന്‍ ഫൈസി, എ.എം ഫള്‌ലുറഹ്മാന്‍ ഫൈസി, പി. താജുദ്ദീന്‍ മൗലവി, എ.എം ബഷീര്‍ മൗലവി, കെ. മുഹമ്മദ് ശിബ്‌ലി, വി. മുഹമ്മദാലി, കെ.കെ ദില്‍ഷാദലി, ടി.വി ശിബിലി റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."