ഉത്തര കൊറിയന്‍ മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു
ടോക്കിയോ: ഉത്തര കൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. ബുധനാഴ്ച രാവിലെ വിക്ഷേപിച്ച മിസൈലാണ് കടലില്‍ പതിച്ചത്. ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഇക്കാര്യം അറിയിച്ചത്.
ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കരുതെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനവും നിര്‍ദേശവും ലംഘിച്ചായിരുന്നു ഉത്തര കൊറിയയുടെ പരീക്ഷണം.
വലിയ വെല്ലുവിളിയാണ് ആ രാജ്യം നടത്തുന്നതെന്നാണ് ഇതേക്കുറിച്ചു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ പ്രതികരിച്ചത്. ജപ്പാന്റെ പരിധിയില്‍ കടലില്‍ 200 നോട്ടിക്കല്‍ മൈലിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ദക്ഷിണ കൊറിയയില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനുള്ള യു.എസ്-കൊറിയന്‍ നീക്കത്തിനിടെയാണ് ഉത്തര കൊറിയയുടെ ഈ പരീക്ഷണം.
ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള മധ്യദൂര റൊഡോങ് മിസൈലാണ് രാജ്യാന്തര വിലക്കുകള്‍ അവഗണിച്ച് ഉത്തര കൊറിയ പരീക്ഷിച്ചത്. കിഴക്കന്‍ തീരത്തുനിന്നു കടലിലേക്കാണ് മിസൈല്‍ പരീക്ഷിച്ചതെന്നു ദക്ഷിണ കൊറിയയുടെ പ്രതിരോധ വിഭാഗം ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചിട്ടുണ്ട്. നടപടിയെ അമേരിക്കയും ജപ്പാനും അപലപിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ പറഞ്ഞു. യു.എന്‍ ആണവ ഉപരോധം വകവയ്ക്കാതെ ജൂലൈയില്‍ മാത്രം മൂന്നു തവണ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."