ജില്ലയില്‍ മഴ 'തകര്‍ക്കുന്നു' ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു മുകളില്‍ ആല്‍മരം കടപുഴകി വീണു
ചെറുവത്തൂര്‍: കനത്തമഴയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലേക്കു കൂറ്റന്‍ ആല്‍മരം കടപുഴകി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം വഴിമാറിയത്. മരത്തിനു ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പതിനഞ്ചോളം ബൈക്കുകള്‍ തകര്‍ന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനും തൊട്ടടുത്ത സ്റ്റോര്‍ റൂമിനും കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടത്തിനരികില്‍ പാര്‍ക്കിങ്ങ് യാര്‍ഡിനോട് ചേര്‍ന്ന ആല്‍മരമാണു കനത്ത മഴയില്‍ കടപുഴകിയത്.
മരം വീഴുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓഫിസിനകത്തുണ്ടായിരുന്നു. ട്രെയിന്‍ യാത്രക്കാര്‍ നിര്‍ത്തിയിട്ടു പോയിരുന്ന ഇരുപത്തഞ്ചോളം ബൈക്കുകള്‍ ആല്‍മരത്തിനു ചുവട്ടില്‍ ഉണ്ടായിരുന്നു. മരച്ചില്ലകള്‍ ഓഫിസ് കെട്ടിടത്തിനു മുകളില്‍ താങ്ങി നിന്നതിനാല്‍ കെട്ടിടത്തിനു സാരമായ കേടുപാടുകള്‍ പറ്റിയില്ല.
ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളില്‍ ആല്‍മരത്തിനു സമീപം ഓട്ടോകളും മറ്റും പാര്‍ക്ക് ചെയ്യാറുണ്ട്. സംഭവം പുലര്‍ച്ചെയായതിനാല്‍ അപകടം വഴിമാറി. റെയില്‍വേ പാര്‍ക്കിങ് യാര്‍ഡിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരമുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് തണലും തണുപ്പുമായിരുന്നു ഈ ആല്‍മരം.
ഫയര്‍ഫോഴ്‌സ് അധികൃതര്‍കെട്ടിടത്തിനു മുകളിലേക്ക് വീണ മരം മുറിച്ചു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."