കാര്‍ തകര്‍ത്ത് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പത്തുപേര്‍ പൊലിസ് കസ്റ്റഡിയില്‍
തളിപ്പറമ്പ്: സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ കാര്‍ തടയുകയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ബസും ജീവനരും ഉള്‍പ്പെടെ പത്തുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണ്ണൂരില്‍ നിന്നു മംഗലാപുരത്തേക്കു പോകുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പരിയാരം ചുടലയില്‍ വച്ചാണ് തടഞ്ഞു വച്ച് മര്‍ദിക്കുകയും കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തത്. മണിപ്പാലില്‍ സ്ഥിരതാമസമാക്കിയ മാഹി മഞ്ചക്കല്‍ സ്വദേശി ഇ.കെ സോജിത്തും സുഹൃത്തും സോജിത്തിന്റെ അമ്മയുമാണ് കാറില്‍ ഉണ്ടായിരുന്നത്. സോജിത്തിന്റെ അഞ്ചുപവനോളം തൂക്കം വരുന്ന സ്വര്‍ണമാലയും സംഭവത്തിനിടെ നഷ്ടപ്പെട്ടു. കണ്ണൂരില്‍ നിന്നു പയ്യന്നൂരിലേക്ക് പോകുന്ന തബു എന്ന സ്വകാര്യബസ് ധര്‍മശാലയില്‍ വച്ച് റോഡില്‍ ട്രാഫിക് ബ്ലോക്കിനിടയിലും നിരന്തരം ഹോണടിച്ചത് കാറോടിച്ചയാള്‍ ചോദ്യം ചെയ്തിരുന്നുവത്രേ. പിന്നീട് ലൂര്‍ദ് ആശുപത്രിക്കു സമീപം വച്ച് ടെമ്പോ ട്രാവലറിലെത്തിയ ഒരു സംഘം കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ആളുകള്‍ കൂടിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. ചുടല വളവില്‍ വച്ചാണ് കറുത്ത ഇന്നോവയിലെത്തിയ സംഘം വീണ്ടും ഇവരെ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."