വനിതകള്‍ക്ക് മാത്രമായി ആഗോളവ്യാപാര കേന്ദ്രം കോഴിക്കോട്ട്: രാജ്യത്തെ ആദ്യ സംരംഭം പ്രവര്‍ത്തനം തുടങ്ങുക 2021ല്‍
തിരുവനന്തപുരം: വനിതകള്‍ക്ക് മാത്രമായി ആഗോളവ്യാപാര കേന്ദ്രം സജ്ജമാക്കാനൊരുങ്ങി കേരളം. 2021 ഓടെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാംപസില്‍ രാജ്യത്തെ തന്നെ ആദ്യ സംരംഭമായ വനിതകളുടെ ആഗോള വ്യാപാര കേന്ദ്രത്തിന്റെ (ഇന്റര്‍നാഷനല്‍ വിമെന്‍സ് ട്രേഡ് സെന്റര്‍ ഐ.ഡബ്ല്യു.ടി.സി) ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ലിംഗസമത്വം സുസ്ഥിരമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ.ഡബ്ല്യു.ടി.സി സാക്ഷാത്കരിക്കുന്നത്.
വനിതകള്‍ക്ക് സുരക്ഷിതമായി സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും ബിസിനസുകള്‍ ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയൊരുക്കുന്നതിനും ഐ.ഡബ്ല്യു.ടി.സി വേദിയൊരുക്കും. ഓഫിസിനായി സ്വകാര്യമായി ഉപയോഗിക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ സ്ഥല സൗകര്യങ്ങളും വിര്‍ച്വല്‍ വര്‍ക്ക് സ്‌പെയ്‌സും ലഭ്യമാക്കും. ലോകോത്തര ആശയവിനിമയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ഐഡബ്ല്യുടിസിയില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശക കേന്ദ്രങ്ങളും പൊതുവായ ഉദ്യോഗസ്ഥ സേവനങ്ങള്‍ക്കുള്ള സ്ഥലവും സജ്ജമാക്കും.
കുട്ടികള്‍ക്കുള്ള ക്രഷുകള്‍, ഡേ കെയറുകള്‍, മുതിര്‍ന്നവര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സെന്ററുകള്‍ എന്നിവയും ഇവിടെ സജ്ജമാക്കും. സ്ത്രീകള്‍ക്കായി ഗതാഗത സൗകര്യവും ഷോര്‍ട്ട് സ്റ്റേ അക്കമഡേഷന്‍ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പ്രവര്‍ത്തനമാരംഭിക്കുന്ന വര്‍ഷത്തില്‍ തന്നെ പ്രളയബാധിത പ്രദേശത്തെ സ്ത്രീകളെ സഹായിക്കുകയും അവര്‍ക്ക് സംരംഭകത്വത്തിനും ഉപജീവനത്തിനുമുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യും. സമൂഹത്തിന്റെ മുഖ്യധാരയിലെത്താനും സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച സരംഭകരാകാനും ഈ ഉദ്യമം വനിതകളെ സഹായിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."