തങ്ങള്‍ക്കിനി ഒന്നുമില്ല, 350 കുടുംബങ്ങള്‍ എവിടെ അന്തിയുറങ്ങും? പ്രതിഷേധവും ആശങ്കയുമായി ഫ്ളാറ്റ് ഉടമകള്‍
മരട്: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചതോടെ പ്രതിഷേധവും ആശങ്കയുമായി ഫ്ളാറ്റ് ഉടമകള്‍. ചൊവ്വാഴ്ച നഗരസഭ കുടിയൊഴിഞ്ഞുപോകാന്‍ നോട്ടിസ് പതിക്കുന്ന നടപടിയിലേക്ക് നീങ്ങുന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകും.
ചമ്പക്കര കനാലിന് സമീപമുള്ള 15 നിലകളിലായി 40 ഫ്ളാറ്റുകള്‍ ഉള്ള ഗോള്‍ഡണ്‍ കായലോരം അപാര്‍ട്മെന്റ്, 90 ഫ്ളാറ്റുകളുള്ള കുണ്ടന്നൂരിലെ പതിനെട്ട് നില ഹോളി ഫെയ്ത്ത് എച്ച് ടു.ഒ, നെട്ടൂര്‍ കടത്തു കടവിനു സമീപം 16 നിലകളിലായി 94 ഫ്ളാറ്റുകളുള്ള ആല്‍ഫാ വെഞ്ചേഴ്സ് ഇരട്ട അപാര്‍ട്മെന്റ് സമുച്ചയം,18 നിലകളിലായി 125 ഫ്ളാറ്റുകളുള്ള നെട്ടൂര്‍ കേട്ടെഴുത്ത് കടവിലെ ജെയ്ന്‍ കോറല്‍ കോവ് എന്നീ അപ്പാര്‍ട്ട്മെന്റുകളാണ് പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.
തങ്ങള്‍ക്കിനി ഒന്നുമില്ലെന്നും ഉള്ളത് മുഴുവന്‍ കൊടുത്ത് വാങ്ങിയ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റിയാല്‍ പോകാനൊരിടമില്ലെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. നിരവധി പ്രവാസി മലയാളികളുടെ സ്വപ്നമാണ് ചിറകരിയപ്പെടുന്നതെന്നും ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏക പോംവഴിയെന്നും അവര്‍ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാതാക്കളില്‍ നിന്നും ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ തങ്ങള്‍ മാറ്റാരുടേയോ കുറ്റത്തിന് ക്രൂശിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രിം കോടതിയിലുള്ള വിശ്വാസം നഷ്ടപെട്ട തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. അതേസമയം കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി പഠന റിപ്പോര്‍ട്ട് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ല. കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ലഭ്യമാക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ ആവശ്യപ്പെട്ടു.
നഗരസഭ സ്റ്റിയറിംങ്ങ് കമ്മിറ്റി ചേര്‍ന്ന് ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വന്‍ കെട്ടിട സമുഛയങ്ങള്‍ പൊളിച്ചുമാറ്റുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളുടെ ആശങ്കയിലാണ് പ്രദേശവാസികള്‍. സമീപത്തെ കെട്ടിടങ്ങളുടെ സംരക്ഷണം, അന്തരീക്ഷമലീനീകരണം തടയല്‍ എന്നീ കാര്യങ്ങളില്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."