അറിവിന്റെ തീര്‍ഥാടന കേന്ദ്രം
ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.
ജോണ്‍ ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാല-ജര്‍മനിയിലെ മൈന്‍സ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഈ സര്‍വകലാശാല ഏതൊരു അക്കാദമീഷ്യന്റെയും വൈജ്ഞാനിക തീര്‍ഥാടനസ്വപ്നങ്ങളിലൊന്നാണ്. അസോസിയേഷന്‍ ഫോര്‍ ആംഗ്ലോഫോണ്‍ പോസ്റ്റ്‌കൊളോനിയല്‍ സ്റ്റഡീസ് അഥവാ 'ഗാപ്‌സ് ' എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള രാജ്യാന്തര കോണ്‍ഫറന്‍സിന്റെ 2018 എഡിഷന്‍ നടന്നത് മെയ് 10 മുതല്‍ 12 വരെ ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാലയിലായിരുന്നു. 'ദേശീയതയും കോളനിവല്‍ക്കരണാനന്തര കാലവും' എന്ന മുഖ്യവിഷയത്തെ അധികരിച്ചു നടന്ന പ്രസ്തുത കോണ്‍ഫറന്‍സില്‍ ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും ഒരു സെഷന്‍ ചെയര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനെത്തുടര്‍ന്നാണ് അതേ മാസം എട്ടിന് വൈകിട്ട് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തില്‍ ലാന്‍ഡ് ചെയ്തത്.
യൂറോപ്പില്‍ ഇപ്പോള്‍ വസന്തമാണ്. വേനലിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ അപ്രതീക്ഷിതമായി ചാറ്റല്‍മഴയുണ്ടാകുന്നു. പത്ത് ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില. ഫ്രാങ്ക്ഫര്‍ട്ട് പട്ടണത്തില്‍നിന്ന് ഏകദേശം നാല്‍പത് കിലോമീറ്റര്‍ മാറിയാണ് മൈന്‍സ് എന്ന ചെറുനഗരം സ്ഥിതി ചെയ്യുന്നത്. ജര്‍മനിയിലെ റൈന്‍ലാന്‍ഡ് പലാറ്റിനേറ്റ് എന്ന സ്റ്റേറ്റിലെ പട്ടണം. പിറ്റേന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് മെട്രോ ട്രെയിനില്‍ കയറി മൈന്‍സിലെത്തിയപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയതായി അനുഭവപ്പെട്ടു. ഇടയ്ക്കിടെ പെയ്യുന്ന മഴയും കൂടിയായപ്പോള്‍ ആകെ കുഴപ്പമാകുമോ എന്ന ആധിയായി.
നേര്‍ത്ത കാറ്റും പച്ചപുതച്ചു കിടക്കുന്ന പട്ടണവും ഗോഥിക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പഴയ കെട്ടിടങ്ങളും അവയ്ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആധുനികതയുടെ അടയാളങ്ങളായ കൂറ്റന്‍ കെട്ടിടങ്ങളും ഒക്കെക്കൂടി പട്ടണം ഒരു പെയിന്റിങ് പോലെ മനോഹരം. ട്രാമുകളും ടാക്‌സികളും കിട്ടുമെങ്കിലും, തെളിഞ്ഞ കണ്ണാടി പോലെ ഒഴുകുന്ന റൈന്‍ നദി മുറിച്ചുകടന്നുകൊണ്ട്, മൈന്‍സ് ടൗണില്‍നിന്ന് ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാല ലക്ഷ്യമാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന കാല്‍നട യാത്ര മറക്കാനാവാത്ത ദിവ്യാനുഭവമായി മനസില്‍ തങ്ങിനില്‍ക്കുന്നു.
ഗുട്ടന്‍ബര്‍ഗിന്റെ കലാശാലയില്‍
അച്ചടിയന്ത്രം കണ്ടുപിടിച്ച ജോണ്‍ ഗുട്ടന്‍ബര്‍ഗിന്റെ (ജൊഹാനസ് ഗുതന്‍ബര്‍ഗ് എന്നാണ് ജര്‍മന്‍ ഭാഷയില്‍ പറയുക) പേരിലുള്ള ഈ വിശ്വപ്രസിദ്ധ സര്‍വകലാശാല ജര്‍മനിയില്‍ അധിനിവേശം നടത്തിയിരുന്ന ഫ്രഞ്ചുകാര്‍ 1946ലാണ് പുനഃസ്ഥാപിക്കുന്നത്. അതിനുമുന്‍പു തന്നെ 1477ല്‍ മൈന്‍സിലെ ആദ്യ സര്‍വകലാശാല അന്നത്തെ ആര്‍ച്ച് ബിഷപ്പിനാല്‍ സ്ഥാപിതമായിരുന്നു. പള്ളിയുടെ അനുമതിയില്ലാതെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു ആ കാലഘട്ടത്തില്‍ നിലനിന്നിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പത്ത് സര്‍വകലാശാലകളില്‍ ഒന്നായിരുന്ന പ്രസ്തുത സ്ഥാപനമാണു രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാലയായി പരിണമിക്കപ്പെട്ടത്. മൈന്‍സ് യൂനിവേഴ്‌സിറ്റി എന്ന പേരില്‍ മറ്റൊരു സര്‍വകലാശാലയും ഈ പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അതുപോലെ തുടരട്ടെ എന്ന ഫ്രഞ്ച് സൈനിക ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ വിഭജനം സംഭവിച്ചത്.
ഗുട്ടന്‍ബര്‍ഗിന്റെ പേരില്‍ ജ്ഞാനസ്‌നാനം ചെയ്ത് യുദ്ധാനന്തര ജര്‍മനിയില്‍ ഈ സര്‍വകലാശാല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ആകെയുണ്ടായിരുന്ന രണ്ടു പഠന വകുപ്പുകള്‍ ക്രിസ്ത്യന്‍ സെമിനാരിയും നഴ്‌സിങ് കോളജും മാത്രമായിരുന്നു. 1968ല്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് യൂനിവേഴ്‌സിറ്റിയുടെ ഇന്നു കാണുന്ന കാംപസും കെട്ടിടസമുച്ചയവും രൂപപ്പെട്ടത്. പിന്നീട് 1974ല്‍ വിശാലമായ പഠനവകുപ്പുകളില്‍ നിരവധി പാഠ്യ, പാഠ്യേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തി, പീറ്റര്‍ ഷ്‌നഡൈര്‍ എന്ന വിദ്യാഭ്യാസ വിദഗ്ധനെ പ്രസിഡന്റ് സ്ഥാനത്ത് ഉപരോധിച്ച് ഈ സ്ഥാപനം ആഗോളനിലവാരത്തിലുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിമാറി.
ചരിത്രമുറങ്ങുന്ന മണ്ണ്
ചരിത്രം അയവിറക്കിയും ചിത്രങ്ങളെടുത്തും ഭയഭക്തിബഹുമാനങ്ങളോടെ സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് കാംപിസില്‍ കാലുകുത്തിയപ്പോള്‍ എന്തൊക്കെയോ സമ്മിശ്രവികാരങ്ങള്‍ ആര്‍ത്തലച്ച് ആത്മാവിനെ കോരിത്തരിപ്പിച്ചു. ചൊവ്വാ പര്യവേക്ഷണ വാഹനങ്ങളായ 'സ്പിരിറ്റ് ', 'ഓപ്പര്‍ച്യുനിറ്റി' എന്നിവയില്‍ ഘടിപ്പിച്ച സ്‌പെക്ട്രോമീറ്റര്‍ വികസിപ്പിച്ചെടുത്ത കാംപസ്... പുസ്തകങ്ങളുടെ ചരിത്രം പഠിപ്പിക്കുന്ന ലോകത്തിലെ അപൂര്‍വം സര്‍വകലാശാലകളില്‍ ഒന്ന്. യൊഷാദ് ദാവൂസ് സ്ഥാപിച്ച 'യൂറോപാ കൊയര്‍ അക്കാദമിയ' എന്ന അന്താരാഷ്ട്ര സംഗീത ഗ്രൂപ്പിന്റെ ഈറ്റില്ലം. 1995ല്‍ രസതന്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയ പോള്‍ ജെ. ക്രൂറ്റ്‌സന്‍ പ്രൊഫസറായി ജോലി ചെയ്യുന്ന വാഴ്‌സിറ്റി. മുന്‍ ജര്‍മന്‍ ചാന്‍സലറായിരുന്ന ഹെല്‍മുട്ട് കോളിന്റെ ഉപദേശകനായിരുന്ന വെര്‍നര്‍ വെയ്ഡന്‍ഫെല്‍ഡ് എന്ന രാഷ്ട്രമീമാംസാ പ്രൊഫസര്‍ ജോലി ചെയ്യുന്ന സ്ഥാപനം. പ്രത്യുല്‍പാദന ജീവശാസ്ത്ര മേഖലയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ശ്രീനിവാസ് കൃഷ്ണറാവു സെയ്ദാപൂര്‍ പഠിച്ചിറങ്ങിയ സരസ്വതീ ക്ഷേത്രം. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഗുട്ടന്‍ബര്‍ഗ്.
അമ്പരപ്പ് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാവാം, സാമാന്യം നല്ല ഉയരമുള്ള എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു ചെറുപ്പക്കാരന്‍ വെളുക്കനെ ചിരിച്ചുകൊണ്ട് എന്നെ സമീപിച്ചു. ഏഞ്ചല്‍ എന്ന ഡച്ചുകാരന്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അങ്ങിനെ എന്റെ ആദ്യ വഴികാട്ടിയായി. സ്‌കോളര്‍ഷിപ്പോട് കൂടി ആംസ്റ്റര്‍ഡാമില്‍നിന്നു രാഷ്ട്രതന്ത്രത്തിന്റെ ഗഹനതകള്‍ പഠിക്കാനായി എത്തിയവനാണ് ഏഞ്ചല്‍.
''ഒന്നര കിലോമീറ്റര്‍ നടക്കണം.. ബുദ്ധിമുട്ടുണ്ടോ?'' എന്ന അവന്റെ ചോദ്യത്തെ ഒരു ചെറുപുഞ്ചിരിയില്‍ പൊതിഞ്ഞ നിഷേധത്തോടെ ഞാന്‍ അവഗണിച്ചു. തണുപ്പിനു കാഠിന്യമേറിക്കഴിഞ്ഞിരുന്നു. ഇലകളും പൂക്കളും പൊഴിഞ്ഞ്, നവാര്‍ന്ന ചില ഇരിപ്പിടങ്ങളില്‍ ഏതാനും പേര്‍ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്നു. അത്തരമൊരു ഇരിപ്പിടത്തില്‍ ഒറ്റയ്ക്കിരുന്ന് ഒരേസമയം പുകവലിക്കുകയും വായനയിലേര്‍പ്പെടുകയും ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഏഞ്ചല്‍ ജര്‍മന്‍ ഭാഷയില്‍ അവളോട് എന്തോ ചോദിച്ചു. മറുപടിയായി നല്ല ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ വായന തുടര്‍ന്നു.
''ഇതാണ് ആ മഹാപ്രതിഭ..'' അവള്‍ ഇരിക്കുന്നതിന്റെ വലതുഭാഗത്തായി ഒരു പടുവൃക്ഷത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ച ഒരര്‍ധകായ പ്രതിമയിലേക്ക് അവന്‍ വിരല്‍ചൂണ്ടി. ജോണ്‍ ഗുട്ടന്‍ബര്‍ഗ്. ലോകചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റിയെടുത്തതില്‍ അച്ചടിയന്ത്രമെന്ന വലിയ കണ്ടുപിടുത്തത്തിന് നിയോഗിക്കപ്പെട്ട ശാസ്ത്രവിസ്മയം. മൗനവാല്‍മീകത്തിലിരിക്കുന്ന താപസനെ പോലെ വാഴ്‌സിറ്റിയുടെ പ്രവേശന ഭാഗത്തുതന്നെ അച്ചടിയുടെ പിതാവ്. കരിങ്കല്ലില്‍ തീര്‍ത്ത ആ പ്രതിമയ്ക്കുമുന്‍പില്‍ കുറച്ചുനേരം മൂകനായി നില്‍ക്കുമ്പോള്‍ മധ്യകാല യൂറോപ്യന്‍ നവോഥാനത്തിന്റെ കുതിരക്കുളമ്പടികള്‍ ദൂരെനിന്നു കേട്ടതായി അനുഭവപ്പെട്ടു. ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാലയിലെത്തുന്ന ആരും ഗുട്ടന്‍ബര്‍ഗിന്റെ പ്രതിമയ്ക്കടുത്തു നിന്ന് ഫോട്ടോ എടുക്കാതെ പോകാറില്ല. ഞാനും ആ പതിവ് തെറ്റിച്ചില്ല. ഏഞ്ചലിനെ ഫോട്ടോഗ്രാഫറാക്കി ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍ ആ കരിങ്കല്‍ ശില്‍പത്തെ സമ്മിശ്രവികാരങ്ങളോടെ സ്പര്‍ശിച്ചു തന്നെ നിന്നു.
പത്തില്‍പ്പരം പ്രധാന വിഭാഗങ്ങളിലായിട്ടാണ് ഈ വാഴ്‌സിറ്റിയുടെ പഠനവകുപ്പുകള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. നൂറ്റന്‍പതോളം സ്‌കൂളുകളിലായി മുപ്പത്തി ഏഴായിരത്തോളം വിദ്യര്‍ഥികള്‍, ഹെക്ടര്‍ കണക്കിന് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ കാംപസില്‍ പഠിക്കുന്നുണ്ട്. ഏതാണ്ട് അഞ്ഞൂറ് മില്യന്‍ യൂറോയാണ് പ്രതിവര്‍ഷ ബജറ്റ്. അയ്യായിരത്തോളം അധ്യാപകരും എട്ടായിരത്തോളം അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും ഈ യൂനിവേഴ്‌സിറ്റിയില്‍ ജോലിചെയ്യുന്നു. കാതലിക് തിയോളജി വകുപ്പ് കടന്ന് ഞാനും ഏഞ്ചലും സോഷ്യല്‍ സയന്‍സസ് ആന്‍ഡ് മീഡിയാ സ്റ്റഡീസ് വകുപ്പിന്റെ ബ്ലോക്കിനുമുന്‍പിലൂടെ നടക്കുമ്പോള്‍ തിടുക്കത്തില്‍ നടന്നു പോകുകയായിരുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ശ്രദ്ധയില്‍പ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശുകാരിയാണ്. മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പിന് സ്‌കോളര്‍ഷിപ്പോടുകൂടി ഇവിടെ എത്തിയതാണ് അവര്‍.
ഒരു പുതിയ ഭൂപ്രദേശം കാണുന്നതുപോലെ അത്ഭുതവും കൗതുകവും കൂട്ടുചേര്‍ന്നു ലക്ഷ്യസ്ഥാനത്തെത്തുന്നതിനിടയില്‍ അങ്ങിങ്ങായി ചിതറിക്കൂടിയ ചെറുതും വലുതുമായ കൂട്ടങ്ങളെ കാണുകയും പരിചയപ്പെടുകയും ചെയ്തു. അക്കാദമികമായ ചര്‍ച്ചകളിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍. വൃത്തിയും വെടിപ്പും മാത്രം കാണാവുന്ന ഇടങ്ങള്‍. പ്രകൃതിയുടെ തഴച്ചുവളരലിനെ അതിന്റെ പാട്ടിനുവിട്ട്, മിച്ചഭാഗത്തുമാത്രം കെട്ടിടങ്ങളും റോഡുകളും ഇടവഴികളും തീര്‍ത്ത് ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍.
എനിക്ക് ക്ഷണമയച്ച ഇംഗ്ലീഷ് പ്രൊഫസര്‍ റെയ്‌നര്‍ എമിഗിന്റെ കാബിനിനു മുന്നില്‍ എത്തിച്ച് ഏഞ്ചല്‍ വിടപറഞ്ഞു. സമയം വൈകിട്ട് എട്ടു മണിയായിരിക്കുന്നു. അസ്തമയത്തിന് ഇനിയും ഒന്നര മണിക്കൂറോളം സമയമുണ്ട്. നമ്മുടെ നാട്ടില്‍ ഒരിക്കലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ള ആകാശവും അവയുടെ കാഴ്ച മറയ്ക്കുന്ന മരച്ചില്ലകളും നോക്കി ഞാനെന്റെ ആതിഥേയന്റെ വിളിയും കാത്ത് ആ വെയ്റ്റിങ് ലോഞ്ചിലിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."