കോട്ടക്കുന്ന് ജീവിതം തകര്‍ത്ത ശരത്തിന് കുന്നോളം സ്‌നേഹവുമായി പാണക്കാട് കുടുംബം
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: പ്രളയകാലത്ത് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ഉറ്റവരും വീടും നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഇനി പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ തണല്‍. ശരത്തിന്റെ അമ്മയെയും പ്രിയതമയെയും ഒന്നരവയസുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒന്‍പതിനുണ്ടായ മലവെള്ളപ്പാച്ചില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. ഉരുള്‍പൊട്ടലില്‍ ഉറ്റവരായ മൂന്നുപേര്‍ നഷ്ടമായ ഈ യുവാവിനൊപ്പം ഇപ്പോള്‍ അച്ഛന്‍ സത്യനും ഇളയ സഹോദരന്‍ സജിനും മാത്രമാണുള്ളത്.
ഓഗസ്റ്റ് ഒന്‍പതിന് തിമിര്‍ത്തു പെയ്ത മഴയത്ത് കുത്തിയൊലിച്ച വെള്ളം തിരിച്ചുവിടാന്‍ ചാലു കീറാന്‍ പുറത്തിറങ്ങിയതായിരുന്നു ശരത്തും അമ്മ സരോജിനിയും. ഭാര്യ ഗീതുവും മകന്‍ ധ്രുവനും മുറിയിലായിരുന്നു. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ വീട് നിലംപൊത്തി. അമ്മയും ഭാര്യയും കുഞ്ഞും മണ്ണിനടിയില്‍ മറഞ്ഞു. ദുരന്തഭൂമിയില്‍നിന്ന് അത്ഭുകരമായാണ് ശരത്ത് രക്ഷപ്പെട്ടത്. അച്ഛനും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് ദിവസം നീണ്ട തിരച്ചിലിലാണ് ഗീതുവിന്റെയും മകന്‍ ധ്രുവന്റെയും മൃതദേഹം കിട്ടിയത്. നാലാം നാള്‍ അമ്മ സരോജിനിയുടെയും ചേതനയറ്റ ശരീരം ലഭിച്ചു. മണ്ണിനടിയില്‍നിന്നു പുറത്തെത്തിക്കുമ്പോള്‍ മകന്‍ ധ്രുവന്റെ കൈയില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതു. സമീപത്തെ സി.സി.ടി.വിയില്‍ ഈ ദാരുണ സംഭവത്തിന്റെ ചിത്രം പതിഞ്ഞിരുന്നു.
മലപ്പുറം നഗരമുറ്റത്തെ, ഇനിയും നടുക്കം വിട്ടുമാറാത്ത ഈ കുടുംബത്തിന്റെ വേദനയിലാണ് സാന്ത്വനത്തിന്റെ കരസ്പര്‍ശമേകാന്‍ പാണക്കാട് തങ്ങള്‍ കുടുംബം തീരുമാനിച്ചത്. സമൂഹത്തിന് നന്‍മയുടെ പൂമരത്തണലായ പാണക്കാട്ടെ വസതിയില്‍ വച്ച് ഇവര്‍ക്കുള്ള സ്‌നേഹസമ്മാനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നു പ്രഖ്യാപിക്കും. മലപ്പുറത്തെ സൗഹൃദ മുറ്റത്ത്, അതിരുകളറിയാത്ത സ്‌നേഹത്തിന്റെ ആവര്‍ത്തനവുമായി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."