സംഘ്പരിവാര്‍ ആക്രമണം: സന്ദീപാനന്ദഗിരിക്കും ആശ്രമത്തിനും പൊലിസ് സുരക്ഷ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ സംഘ്പരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വാമി സന്ദീപാനന്ദഗിരിക്കും ആശ്രമത്തിനും പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. സന്ദീപാനന്ദഗിരിക്കായി രണ്ടു ഗണ്‍മാന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആശ്രമത്തിനു 24 മണിക്കൂറും പൊലിസ് കാവലും ഏര്‍പ്പെടുത്തി. അതേസമയം ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജോലി മതിയാക്കിയത്. ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലിസ് പറഞ്ഞു.
സംഭവം നടന്ന സമയത്ത് ഒരാള്‍ ആശ്രമത്തിലേക്ക് ഓടുന്നതായി സമീപത്തെ ക്ഷേത്രത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ ആശ്രമത്തിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനത്തിന് കടന്നുവരാനുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."