പുതുതലമുറ ബാങ്കുകള്‍ സര്‍ക്കാരിന് തലവേദനയാകുന്നു
കൊല്ലം: സംസ്ഥാനത്തെ പ്രളയബാധിത വില്ലേജുകളിലെ ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ലംഘിക്കുന്ന പുതുതലമുറ ബാങ്കുകളുടെ നടപടി സര്‍ക്കാരിന് തലവേദനയാകുന്നു.
സര്‍ക്കാരും ബാങ്കുകളും ബന്ധപ്പെട്ടവരും ചേര്‍ന്ന യോഗത്തിലായിരുന്നു ബാങ്കുകള്‍ മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് പ്രളയബാധിത വില്ലേജുകളില്‍ കഴിയുന്നവര്‍ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള എല്ലാ വായ്പകളുടെ തിരിച്ചടവിനും ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിരുന്നു.
എന്നാല്‍ നിസാര കാര്യം പറഞ്ഞ് പുതുതലമുറ ബാങ്കുകള്‍ മൊറട്ടോറിയത്തിനുള്ള അവകാശം ഇല്ലതാക്കുന്നതാണ് വിവാദമായിരിക്കുന്നത്. പ്രളയബാധിതര്‍ തങ്ങളുടെ വായ്പ സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ അപേക്ഷ ബന്ധപ്പെട്ട ബാങ്കുകള്‍ക്കു നല്‍കുമ്പോള്‍ ബാങ്കുകള്‍ അത് പരിശോധിച്ച് മൊറട്ടോറിയം അനുവദിക്കുകയാണ് ചെയ്യുന്നത്.
ദേശസാല്‍കൃത ബാങ്കുകളും സഹകരണബാങ്കുകളും സൊസൈറ്റികളും ഉള്‍പ്പെടെ മൊറട്ടോറിയത്തിന് അനുകൂലമായ നടപടി സ്വീകരിച്ചിരിക്കുമ്പോഴാണ് പുതുതലമുറ ബാങ്കുകള്‍ തടയിടാന്‍ രംഗത്തുള്ളത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന് നൂറുകണക്കിന് പരാതികളാണ് ലഭിക്കുന്നത്.ഈ പരാതികള്‍ ഉടന്‍തന്നെ സംസ്ഥാനതല ബാങ്കിങ് സമിതിക്ക് അയക്കുകയാണ് ചെയ്യുന്നത്. പരാതി പരിശോധിച്ചശേഷം ബാങ്കിങ് സമിതി അനുകൂല നടപടിയെടുക്കാന്‍ പുതുതലമുറ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെങ്കിലും അവര്‍ പരാതികള്‍ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഓഫിസിലേക്ക് കൈമാറും.
കേരളത്തിലെ പ്രളയത്തിന്റെ യഥാര്‍ഥ ചിത്രം അറിയാത്ത കേന്ദ്ര ഓഫിസ് അപേക്ഷ നിരസിക്കുകയാണ് പതിവ്. ഇത് മറികടക്കാന്‍ ഇക്കഴിഞ്ഞ 12ന് റവന്യൂവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് പ്രളയബാധിത മേഖലയിലെ ബാങ്കുകളുടേത് ഉള്‍പ്പെടെയുള്ള എല്ലാവിധ ജപ്തി നടപടികളും നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."