പാങ്ങപ്പാറ ദുരന്തം; ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന്
തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്. പാങ്ങപ്പാറയില്‍ പുനരാരംഭിച്ച ഫ്ളാറ്റ് നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നഗരസഭയും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞു വീണ് നാലുതൊഴിലാളികള്‍ മരിച്ച സംഭവത്തിനു പിന്നിലെ അഴിമതി അന്വേഷിക്കുക, ലാഡര്‍ കണ്‍സ്ട്രക്ഷന്‍ നല്കിയ നിര്‍മാണാനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതിയായ അനുമതിയോടെയോ സുരക്ഷാ മുന്കരുതലോടെയോ അല്ല ഫ്ളാറ്റ് നിര്‍മാണം നടത്തിയത്, ഫ്ളാറ്റ് നിര്‍മിക്കുന്ന സ്ഥലത്തേക്ക് വാഹനം കടന്നുചെല്ലാന്‍ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ദുരന്തമുണ്ടായി മരിച്ചവരുടെ മൃതദേഹങ്ങള്‍ 200 മീറ്ററിലധികം ചുമന്നാണ് ആംബുലന്‍സിലെത്തിച്ചത്. കുന്നിടിക്കുമ്പോള്‍ ചുറ്റുമുള്ള വീടുകള്‍ക്ക് ഭീഷണി ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ദുരന്തമുണ്ടായ ശേഷം അവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അവരുടെ ജീവന് ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. അപകടത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷ വാങ്ങിനല്‍കണം. അല്ലാത്തപക്ഷം യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര് അനുരാജ് ആധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്.എസ്. രാജീവ്, നേതാക്കളായ സമ്പത്ത്, സതീഷ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, അശ്വതി, കൗണ്‍സിലര്‍മാരായ അഡ്വ വി. ഗിരികുമാര്‍, ഹിമസിജി, പി.വി. മഞ്ജു, പ്രദീപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."