ശബരിമല: സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ആരംഭിച്ച സമരത്തിന്റെ രണ്ടാംഘട്ടം കൂടുതല്‍ ശക്തമായി സംഘടിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം നിലപാട് കൂടുതല്‍ വ്യക്തമാക്കിയതിന്റെ ആവേശത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ നേതൃത്വം തീരുമാനിച്ചത്.
എന്നാല്‍ ശബരിമല പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുപ്രചാരണം നടത്താനും അപകീര്‍ത്തിപ്പെടുത്താനും സി.പി.എം. ശ്രമിക്കുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഡി.ജി.പി ഓഫിസിനു മുന്നില്‍ നിരാഹാരസമരം നടത്തും. അന്നേദിവസം മറ്റു 13 ജില്ലകളിലും എസ്.പി ഓഫിസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും.
അടുത്തമാസം രണ്ടിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ അര്‍പ്പണ പ്രതിജ്ഞയെടുക്കും. 8 മുതല്‍ 13 വരെ കാസര്‍കോട് നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ശ്രീധരന് പിള്ളയുടെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അടുത്തമാസം അഞ്ചിന് നട തുറക്കുമ്പോള്‍ വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."