മികച്ച കാര്‍ഷിക യന്ത്ര ഗവേഷകനുള്ള ദേശീയ പുരസ്‌കാരം ഡോ. യു. ജയ്കുമാരന്‍
മണ്ണുത്തി: നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ഷിക യന്ത്ര ഗവേഷകനുള്ള ദേശീയ പുരസ്‌ക്കാരത്തിനായി മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. യു. ജയ്കുമാരനേയും ടീം അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രശസ്തി പത്രവും, ഫലകവും 50000 രൂപ പാരിതോഷികവും അടങ്ങുന്ന ഈ അവാര്‍ഡ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങ് ഭുവനേശ്വറില്‍ വച്ച് ലോകകേരദിനമായ സെപ്റ്റംബര്‍ രണ്ടാം തിയ്യതി നല്‍കുന്നതാണ്.
ഇരുന്ന കയറാവുന്ന കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രം വികസിപ്പിച്ചെടുത്തതിനാണ് അവാര്‍ഡ്. ഏകദേശം എട്ടുകിലോ ഭാരം വരുന്ന ഈ യന്ത്രത്തിന് സൈക്കിള്‍ സീറ്റ് സംവിധാനവും തടിയോട് പിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം അനുസരിച്ച് അഞ്ച് സെക്കന്റ് കൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരികരണ സംവിധാനവുമുണ്ട്. ഈ യന്ത്രം തെങ്ങില്‍ ബന്ധിപ്പിക്കുന്നതിന് സ്റ്റീല്‍ കയറാണ് ഉപയോഗിച്ചിരിക്കുന്നത്.
ഏകദേശം 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറുന്നതിന് 78 സെക്കന്റും, ഇറങ്ങുന്നതിന് 60 സെക്കന്റും മതിയാകും. ഡോ. യു. ജയ്കുമാരന്‍, ഡോ.ഷൈല ജോസഫ്, ഉണ്ണികൃഷ്ണന്‍.സി, ജോസഫ് സി.ജെ എന്നിവരടങ്ങുന്ന ഗവേഷണ വികസന ടീമാണ് ഈ പദ്ധിതിക്ക് നേതൃത്വം നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാസേനയുടെ പരിശീലന പരിപാടിക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഈ യന്ത്രം സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."