പൊതുസ്ഥലം കൈയേറി വാടകക്ക് നല്‍കുന്നു
കുന്നംകുളം: നഗരത്തിലെ പ്രധാന റോഡുകള്‍ക്കരികിലെ പൊതുസ്ഥലം കയ്യേറി വളച്ചു കെട്ടി വാടകക്ക് നല്‍കുന്നു. പട്ടാമ്പി റോഡിലുള്‍പെടെ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അനധികൃതമായി വളച്ചു കെട്ടിയ ഷെഡുകള്‍ തട്ടുകടകളായാണ് പ്രവര്‍ത്തിക്കുന്നത്. അനധികൃത നിര്‍മാണത്തിനെതിരേ നടപടിയെടുക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെയാണ് ഇത്തരത്തില്‍ കയ്യേറ്റം നടത്തുന്നതെന്നാണ് ആരോപണം.
ഇവരിതിന് പ്രതിദിനം 150 രൂപ മുതല്‍ 1000 രൂപ വരെ വാടക ഈടാക്കിയാണ് നല്‍കിയിരിക്കുന്നതെന്നും പറയുന്നു. കുന്നംകുളം പട്ടാമ്പി റോഡില്‍ റോഡിലേക്ക് കയറിയ രീതിയിലാണ് ഇത്തരം കടകള്‍. ഇവരെല്ലാം തന്നെ പ്രതിദിനം വാടകയും നല്‍കുന്നുണ്ട്. ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭ കെട്ടിടത്തില്‍ പാര്‍ക്കിങ് സ്ഥലം ഇത്തരത്തില്‍ വാടകക്ക് നല്‍കിയതായാണ് പറയുന്നത്. ഓണക്കാലത്തും മറ്റും അനുവദിക്കുന്ന സ്റ്റാളുകളുടെ മറവിലാണ് ഈ നീക്കം. നിത്യ ജീവിതത്തിനായി പൊതുസ്ഥലങ്ങളില്‍ ടാര്‍പോളിനും മറ്റും ഉപയോഗിച്ച് താല്‍ക്കാലിക ഷെഡുകളുണ്ടാക്കി കച്ചവടം ചെയ്യുന്ന രീതി പലയിടത്തുമുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ജീവിക്കാനായി പെടാപാടുപെടുന്നവര്‍ക്ക് പൊതുസ്ഥലം തന്നെ വാടകക്ക് നല്‍കുന്ന സംഭവം കുന്നംകുളത്തു മാത്രമായിരിക്കും. വാടക പിരിക്കുന്നവരില്‍ പലരും ഉന്നതരാണെന്നതിനാലാണ് ഇത്തരം തട്ടുകടകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഭയപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."