ബ്രസീല്‍ വിധിയെഴുതി; ഫെര്‍നാന്‍ഡോ ഹദ്ദാദിന് നേരിയ മുന്‍തൂക്കം
ബ്രസീലിയ: ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രസീല്‍ ജനത വിധിയെഴുതി. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഫെര്‍നാന്‍ഡോ ഹദ്ദാദ് ആണ് മുന്നിലുള്ളത്. എന്നാല്‍, തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ ജെയര്‍ ബോല്‍സൊനാറോ തൊട്ടുപിന്നിലുണ്ട്.
തെരഞ്ഞെടുപ്പ് സമാപിച്ചതിനു പിറകെ പുറത്തുവന്ന ആദ്യ രണ്ട് എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലാണ് ഹദ്ദാദിനു നേരിയ മുന്‍തൂക്കമുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അഴിമതി വിവാദങ്ങളും ബോല്‍സൊനാറോയ്ക്കുനേരെയുള്ള കത്തിയാക്രമണവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കത്തിയാക്രമണത്തില്‍ 40 ശതമാനം രക്തം നഷ്ടപ്പെട്ട ബൊല്‍സൊനാറോയ്ക്ക് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്നിരുന്നു. സംഭവം വോട്ടര്‍മാരെ ഏതു തരത്തിലാണ് സ്വാധീനിക്കുകയെന്നാണ് ബ്രസീല്‍ ഉറ്റുനോക്കുന്നത്.
55കാരനായ ഹദ്ദാദ് മുന്‍ സാവോ പോളോ മേയറും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ്. ലബനീസ് കുടിയേറ്റക്കാരുടെ പിന്മുറക്കാരനാണ്.
63കാരനായ ബോല്‍സൊനാറോ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി അംഗമാണ്.
കുടിയേറ്റം, സ്വവര്‍ഗ ലൈംഗികത, ഗര്‍ഭച്ഛിദ്രം, തോക്ക് നിയമം തുടങ്ങിയ വിഷയങ്ങളിലുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഡെപ്യൂട്ടി ചേംബറി (പൊതുസഭ)ലേക്കുള്ള 513 അംഗങ്ങളെയും 27 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും ഇതോടൊപ്പം ബ്രസീലില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."