HOME
DETAILS
MAL
ഓണത്തുമ്പിയും ഇളംകാറ്റും
backup
September 10 2019 | 17:09 PM
ഓണമെന്നത് കേരളത്തിലെ ഋതുഭാവമാറ്റത്തിന്റെ ആഘോഷമാണ്. തീര്‍ത്തും കാര്‍ഷികാഘോഷം. കര്‍ക്കിടക മഴ കഴുകിയെടുത്ത കുന്നുകളില്‍ വെയില്‍പരക്കുകയും കാട്ടുചെടികളിലെ പൂക്കള്‍ വിരിയുകയും പൂങ്കാടുകള്‍ക്കു മുകളിലൂടെ ഇളംകാറ്റ് കടന്നുപോവുകയും ചെയ്യുന്നകാലം. അതിനൊരു കൃത്യതയുണ്ടായിരുന്നു. ഞാറ്റുവേലക്കണക്കുകള്‍ പിഴച്ചിരുന്നില്ല. ഓണത്തുമ്പികള്‍ കൃത്യമായി വിരുന്നുവന്നിരുന്നു. മറ്റ് തുമ്പികളെപ്പോലെ ആയിരുന്നില്ല അവ. വാലിന് ചുവപ്പു നിറമാണ്. ചിറകുകള്‍ക്ക് പൊന്‍നിറമാണ്. വെറുതെയല്ല ഓണത്തുമ്പികള്‍ മലയാളകവിതയിലും പാറിനടന്നത്. കവികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷവും ഓണമായിരുന്നു.
ചന്ദനവൃക്ഷത്തണലിലവന്‍
ഏലക്കാടിന്നിടയിലവന്‍
പൂവിളിയോടെ തുടിയോടെ
പാണന്‍പാട്ടിന്നൊലിയോടെ
നിന്‍ തറവാട്ടിന്‍ പടികേറി
ഓണം വന്നോ നീലമലേ
(പി. കുഞ്ഞിരാമന്‍ നായര്‍ - പൊന്നോണം)
ഓണം വരുമ്പൊഴെന്തോരോകുറിയും നീ
നാണത്തില്‍ മുങ്ങുന്നിതോമലാളേ
കുന്നത്തു പൂനുള്ളി നില്‍ക്കെ നീയാദ്യമാ-
യെന്നെക്കുടുക്കിയതോര്‍ത്തിട്ടോ
എന്ന് ഒരു ഓണക്കാല പ്രണയത്തെക്കുറിച്ച് മഹാകവി അക്കിത്തവും ഓര്‍ത്തെടുക്കുന്നുണ്ട്. ഓണത്തിന് പൂനുള്ളുക എന്നതായിരുന്നു കവിതകളിലെ കല്‍പ്പന. ഓണം വിപണിയുടെ ഭാഗമായപ്പോഴാണ് ഓണപ്പൂക്കളമിടാനുള്ള പൂക്കള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍നിന്നുമുള്ള പൂ നിറച്ച ലോറികള്‍ക്കായി മലയാളി കാത്തുനിന്നത്. പത്തു ദിവസത്തേക്കാണെങ്കിലും പൂവിപണി അത്ര ചെറുതല്ലെന്ന് കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തംതൊട്ട് പത്തുനാള്‍ ഹിന്ദുഗൃഹങ്ങളുടെ മുറ്റത്ത് പൂക്കളം മെഴുകണമല്ലൊ. ഓണപ്പൂക്കള മത്സരങ്ങള്‍ക്കായി പിന്നെയും വേണം പൂക്കള്‍. അത്തരം ഓണപ്പൂക്കള മത്സരത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു.
എന്നാല്‍ പൂ പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പൂക്കളമുണ്ടാക്കുക എന്നത് അത്യന്തം ജൈവീകമായ ഋതുഭാവത്തിന്റെ ആവിഷ്‌കാരമായിരുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ഏറനാടന്‍ ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. കുന്നുകളിലൊക്കെ പൂക്കാടായിരുന്നു. രാവിലെ മുറ്റത്ത് കളമൊരുക്കാനുള്ള പൂക്കള്‍ തലേന്നു തന്നെ പറിച്ച് ശേഖരിക്കണം. അത്തം തൊട്ടാണ് പൂവിടുക. സ്‌കൂള്‍ വിട്ടാല്‍ നേരെ പോകുന്നത് കുന്നിലേയ്ക്കും തോട്ടുവക്കത്തേക്കുമാണ്. കുന്നുകേറിച്ചെന്നാല്‍ കാണാം തുമ്പപ്പൂ വിരിഞ്ഞുനില്‍ക്കുന്ന പുല്‍മേടുകള്‍. പൂ പറിക്കുകയെന്നത് പ്രകൃതിയെ ആഴത്തില്‍ അറിയലാണ്. എത്രയോ തരം ചെടികളുടെ പേര് പഠിച്ചുവച്ചിരുന്നു ഞങ്ങള്‍. കുട്ടികളൊക്കെ സംഘമായി ആര്‍പ്പുവിളികളോടെയാണ് കുന്നു കേറുക. കുന്നില്‍ സായാഹ്നവെയില്‍ പരന്നുകിടക്കുന്നുണ്ടാവും. പൂക്കാടിനുമേല്‍ നൂറ് കണക്കിനു ശലഭങ്ങള്‍ പറന്നു നടക്കുന്നുണ്ടാവും. സായാഹ്നവെയില്‍, ഓണത്തുമ്പികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. കൂട്ടം കൂട്ടമായി അവയും പറന്നു നടക്കുന്നുണ്ടാവും. ആ കാലമൊക്കെ പോയി. മണ്ണു മാന്തിയന്ത്രങ്ങള്‍ കയറിയിറങ്ങുന്ന കുന്നുകളേ ഇപ്പോഴുള്ളൂ. അവയുടെ കരങ്ങള്‍ കൊണ്ട് കീറിപ്പറിഞ്ഞ കുന്നുകള്‍.
കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കിവിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തു കായ്ക്കും മരമായ് വളര്‍ത്തുവാന്‍
എന്ന് മോഹനകൃഷ്ണന്‍ കാലടി ഒരു കവിതയില്‍ കുറിച്ചിട്ടുണ്ട്. വഴിയരികിലൊക്കെ കുട്ടികള്‍ ആര്‍പ്പുവിളിച്ച് പൂവേ പൊലി പൂവേ എന്നുപാടി നടന്നിരുന്ന കാലമുണ്ടായിരുന്നു. അതൊക്കെ അപ്രത്യക്ഷമായി. അവശേഷിക്കുന്ന ഗ്രാമങ്ങളില്‍പോലും അത്തരം കാഴ്ചകള്‍ ഇല്ലാതായി. ഓണത്തുമ്പികളെക്കണ്ടിട്ട് കാലം കുറേയായി. കുന്നുകളിലും പറമ്പുകളിലും കളിച്ചു നടക്കുന്ന കുട്ടികളെ സന്തോഷിപ്പിക്കാനായിരിക്കും ഓണത്തുമ്പികള്‍ വന്നിരുന്നത് എന്ന് ഇന്നെനിക്കു തോന്നുന്നു. കുട്ടികള്‍ക്കു പകരം കുന്നുകേറുന്ന മണ്ണുമാന്തിയന്ത്രങ്ങളെ കണ്ട് പേടിച്ച് അവ മറ്റേതോ ദേശത്തേയ്ക്ക് പറന്നുപോയതാവണം.
വറുതി നിറഞ്ഞ കര്‍ക്കിടകത്തിനു ശേഷമാണ് ചിങ്ങം പിറക്കുക. ചിങ്ങത്തിലാണ് പൊന്നോണം. അടുക്കളയില്‍ പായസം തിളയ്ക്കുന്ന മണം അറിയണമെങ്കില്‍ ഓണക്കാലം തന്നെ വരണം. പിറന്നാളിന്‌പോലും പായസമുണ്ടാക്കിയിരുന്നതു വിരളം. അത്രയ്ക്ക് പ്രയാസം നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. അക്കാലമൊക്കെ പോയല്ലോ. ഇപ്പോള്‍ എന്നും ഓണമാണല്ലൊ. നല്ലതുതന്നെ. അതിസമൃദ്ധി നമ്മെ ആര്‍ത്തിയും ധൂര്‍ത്തുമുള്ളവരാക്കുന്നു. അതിന്റെ ഭാഗമായി ആവാസ വ്യവസ്ഥകള്‍ തകരുന്നു. പ്രകൃതിയുടെ സൗമ്യഭാവങ്ങള്‍ മായുന്നു.
മഴയെ എത്ര കാല്‍പനികമായാണ് നമ്മള്‍ കണ്ടത്. പക്ഷെ കഴിഞ്ഞ രണ്ടുവര്‍ഷായി മഴയെന്നു കേള്‍ക്കുമ്പോഴേ പേടിയാണ് നമുക്ക്. പുഴയോരത്തു വീടുവച്ച കുടുംബത്തിലെ വീട്ടമ്മ കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മ വരുന്നു. കഴിഞ്ഞ രണ്ട് തവണയും പുഴവെള്ളം കയറി പരുക്കേറ്റ വീടാണ് അവരുടേത്. ആ വീട് പണിത കാലത്ത് ഉമ്മറത്തിരുന്നു നോക്കിയാല്‍ പുഴകണ്ട് അസൂയപ്പെട്ടിരുന്നുവത്രെ അവരുടെ കൂട്ടുകാരും ബന്ധുക്കളും. ഇപ്പോള്‍ പുഴ കാണുമ്പോഴേ പേടിയാണവര്‍ക്ക്. മഴ പെയ്യുന്ന രാത്രികളില്‍ ഉറങ്ങാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. മഴയുടെ സംഗീതം കേട്ട് മൂടിപ്പുതച്ചുറങ്ങിയിരുന്ന കാലം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്.
ഓണക്കാലമാവുമ്പോഴേയ്ക്ക് നെല്‍വയലുകളില്‍ കതിരണിഞ്ഞുതുടങ്ങുമായിരുന്നു. ഇപ്പോള്‍ നെല്ലില്ലാത്ത വയലുകളാണ് ഏറെയും. മണ്ണടിച്ച് നികത്താന്‍ കാത്തുകിടക്കുന്ന വയലുകള്‍. ഗ്രാമഭംഗി വളരെ പെട്ടെന്ന് അപ്രത്യക്ഷമാവുകയാണ്. ഓണം എന്നത് കര്‍ഷകന്റെ ഉത്സവമല്ലാതായി. വിപണിയുടെ ഉത്സവമാണ്. സെലിബ്രിറ്റികളുടെ ഉത്സവവും.
ഏറനാട്ടില്‍നിന്ന് പൊന്നാനി താലൂക്കിലേയ്ക്ക് എന്റെ കുടുംബം പറിച്ചു നട്ടത് എന്റെ പന്ത്രണ്ടാം വയസ്സിലാണ്. എടപ്പാളിനടുത്തായിരുന്നു ഞങ്ങളുടെ വീട്. എടപ്പാളില്‍, കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു ഓണച്ചന്തയുണ്ടായിരുന്നു. പൂരാടം നാളിലാണതു നടക്കുക. പൂരാടവാണിഭമെന്നു പറയും. നേന്ത്രക്കുലകളുടെ ചന്തയായിരുന്നു അത്. ആ ചന്തയില്‍ മുസല്‍മാന്‍മാര്‍ക്കായിരുന്നു ആധിപത്യം. വെറുപ്പിന്റേയും വിഭജനത്തിന്റേയും പുതിയ കാലത്ത് ഓണത്തിന് മുസല്‍മാനെന്തുകാര്യം എന്നു ചോദിച്ചുതുടങ്ങുമോ ആവോ. ഇല്ല. ഉണ്ടാവില്ല. സംഘ്പരിവാരത്തിന് ഓണത്തില്‍ താല്‍പര്യമില്ല. ഓണത്തിന്റെ മിത്ത് അവര്‍ക്കു പറ്റിയതല്ല. ആ മിത്തില്‍ ബ്രാഹ്മണ്യം ശത്രുപക്ഷത്താണ്. മാത്രവുമല്ല. ലോകമെമ്പാടുമുള്ള മലയാളികളുടെ മതേതരമായ ആഘോഷമായി ഓണം മാറിക്കഴിഞ്ഞു. സമഭാവനയുടെ അപൂര്‍വം ആഘോഷങ്ങളെ നമുക്കുള്ളൂ. അതില്‍ കൈവെയ്ക്കാന്‍ വംശീയവാദികളെ അനുവദിച്ചുകൂടാ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ മങ്ങലേല്‍ക്കുന്നത് ഓണക്കാലത്തിനാണ്. പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ തീരാവേദനയുടെ ഓണക്കാലമാണിത്. എന്നാലും പ്രതീക്ഷകള്‍ കൈവിട്ടുകൂട. ഓണത്തുമ്പികള്‍ മടങ്ങിവരിക തന്നെ ചെയ്യും. ഒരു ജനപഥത്തെയും നിരന്തരമായി ശിക്ഷിക്കില്ല പ്രകൃതി. കക്കാടിന്റെ വരികള്‍ നമുക്ക് ഒരുമിച്ചു ചൊല്ലാം.
നന്ദി, തിരുവോണമേ നന്ദി
പോയ്‌വരിക വരുമാണ്ടിലും
നന്ദി തിരുവോണമേ നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."