അപ്രതീക്ഷിതം, അതിവേഗം: മണിപ്പൂരി കരുത്തില്‍ സെന്റ് ജോര്‍ജ്
തിരുവനന്തപുരം: മണിപ്പൂരികളുടെ കായിക കരുത്തില്‍ സ്‌കൂള്‍ ചാംപ്യന്‍പട്ടം തിരിച്ചു പിടിച്ചു കോതമംഗലം സെന്റ് ജോര്‍ജ്. പാല സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെന്റ് ജോര്‍ജിന്റെ അപ്രതീക്ഷിതമായുള്ള അതിവേഗ തിരിച്ചുവരവിനാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനില്‍ക്കുന്നതായിരുന്നു ചാംപ്യന്‍ സ്‌കൂള്‍ കിരീടത്തിനായുള്ള പോരാട്ടം. ചാംപ്യന്‍ പട്ടം തിരിച്ചു പിടിക്കണമെന്ന കായിക പരിശീലകന്‍ രാജു പോളിന്റെ വാശിയും തന്ത്രങ്ങളുമാണ് സെന്റ് ജോര്‍ജിനെ ഒന്നാമതാക്കിയത്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന രാജു പോള്‍ എറണാകുളം ജില്ലാ സ്‌കൂള്‍ മീറ്റില്‍ കിരീടം തിരിച്ചു പിടിച്ചു നല്‍കിയാണ് സെന്റ് ജോര്‍ജുമായി തലസ്ഥാനത്ത് എത്തിയത്. പാലായില്‍ ഏഴു സ്വര്‍ണത്തില്‍ ഒതുങ്ങിയ സെന്റ് ജോര്‍ജിന്റെ സമ്പാദ്യം 42 പോയിന്റ് മാത്രമായിരുന്നു. ഇത്തവണ മണിപ്പൂരില്‍നിന്ന് താരങ്ങളെത്തിയതോടെയാണ് സെന്റ് ജോര്‍ജ് കിരീട പ്രതീക്ഷകളിലേക്ക് തിരിച്ചു വന്നത്. വിജയത്തിനായുള്ള പകുതി പോയിന്റുകളും സമ്മാനിച്ചത് സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച മണിപ്പൂരി താരങ്ങളായിരുന്നു. ഇവരുടെ പ്രായവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സെന്റ് ജോര്‍ജ് ആകെ നേടിയ 81 പോയിന്റില്‍ 49 പോയിന്റാണ് സബ് ജൂനിയറിലെ മണിപ്പൂരി കുട്ടികളുടെ സമ്മാനം. തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പിയില്‍ 2014 ല്‍ നടന്ന ചാംപ്യന്‍ഷിപ്പിലായിരുന്നു സെന്റ് ജോര്‍ജ് അവസാനമായി ചാംപ്യന്‍ സ്‌കൂളായത്.
അന്ന് പത്തു സ്വര്‍ണം ഉള്‍പ്പെടെ 83 പോയിന്റുമായിട്ടായിരുന്നു കിരീട നേട്ടം. ഒരു പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു മാര്‍ബേസിലിനെ അന്ന് സെന്റ് ജോര്‍ജ് അട്ടിമറിച്ചത്. 2004 ലാണ് സെന്റ് ജോര്‍ജ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കരുത്തറിയിച്ചു തുടങ്ങിയത്. 2004 മുതല്‍ 2009 വരെ തുടര്‍ച്ചയായി ചാംപ്യന്‍ സ്‌കൂള്‍ കിരീടം നേടി. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ ചുവടുതെറ്റി. 2012 ല്‍ സ്ഥിരവൈരികളായ മാര്‍ബേസിലില്‍നിന്ന് കിരീടം തിരിച്ചു പിടിച്ചു. 2014 വരെ ആ മികവ് നിലനിര്‍ത്തി. 2015 ല്‍ കോഴിക്കോട് നടന്ന ചാംപ്യന്‍ഷിപ്പില്‍ മാര്‍ബേസില്‍ കിരീടം തിരിച്ചു പിടിച്ചു. അന്ന് സെന്റ് ജോര്‍ജ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആ മേളയില്‍ ആകെ നേടിയത് 41 പോയിന്റ്. തുടര്‍ന്നുള്ള രണ്ടു മീറ്റിലും സെന്റ് ജോര്‍ജ് അപ്രസക്തരായി. മലപ്പുറം മീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്റ് ജോര്‍ജിന് പാലായില്‍ തിരിച്ചടി നേരിട്ടു. കല്ലടിക്കും മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിനും പിന്നിലായി ആറാം സ്ഥാനത്ത്. ഒടുവില്‍ അതിവേഗ തിരിച്ചു വരവ് നടത്തി സെന്റ് ജോര്‍ജ് 2018 ലെ ചാംപ്യന്‍ സ്‌കൂള്‍ കിരീടം തിരിച്ചു പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."