റീഹാബ് ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം
തൃശൂര്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്റെ (എന്‍.ഐ.പി.എം.ആര്‍) സാമൂഹിക പ്രതിബദ്ധതാ സംരംഭമായ റീഹാബ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നാളെ പുതുക്കാട് ചെങ്ങാലൂര്‍ ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ അധ്യക്ഷയാകും.
പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡ് വൈസ് പ്രസിഡന്റ് പി.കെ ശിവാനന്ദന്റെ സാന്നിധ്യത്തില്‍ മാനേജിങ് ഡയറക്ടര്‍ എന്‍ വിജയഗോപാല്‍ എന്‍.ഐ.പി.എം.ആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് വാഹനം കൈമാറും. എന്‍.കെ മാത്യു ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങളെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പ്രാപ്തരാക്കി സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്. 2012ല്‍ സംസ്ഥാന സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുകയും ആര്‍.ഐ.പി.എം.ആര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയുമായിരുന്നു. 2016 ജനുവരി മുതല്‍ നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും സ്വയംഭരണ സ്ഥാപനമായി മാറുകയും ചെയ്തു. സ്ഥാപനം നല്‍കിവരുന്ന സേവനങ്ങളായ ഫിസിയോ തെറാപ്പി, ഓഡിയോളജി, സ്പീച്ച് തെറാപ്പി, സൈക്കോ തെറാപ്പി സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്കു കീഴില്‍ ഏറ്റെടുക്കുന്ന സംരംഭമാണ് റീഹാബ് ഓണ്‍ വീല്‍സ്. ആംബുലന്‍സ് വാങ്ങി രൂപമാറ്റം വരുത്തി ചികിത്സാ ഉപകരണങ്ങളടക്കം സജ്ജമാക്കുന്നതിനായി പെട്രോനെറ്റ് 21,71,500 രൂപയുടെ പ്രോജക്ട് അംഗീകരിച്ചിട്ടുണ്ട്. മാനേജര്‍ എ.എ ഷറഫുദ്ധീന്‍, എ.എസ് സിജോ, പി.എ കപില്‍, സി ചന്ദ്രബാബു, കെ പത്മപ്രിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."