കൂത്തുപറമ്പില്‍ സി.പി.എം ഓഫിസ് ആക്രമിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സി.പി.എം ഓഫിസിനു നേരെ ആക്രമണം. തൊക്കിലങ്ങാടി ടൗണിലെ സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ മേല്‍ക്കൂരയുടെ ഓട് തകര്‍ത്ത് അകത്തുകടന്ന അക്രമിസംഘം ടെലിവിഷന്‍, നേതാക്കളുടെ ഫോട്ടോ, ക്ലോക്ക് എന്നിവ തകര്‍ത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍, കൂത്തുപറമ്പ് എസ്.ഐ കെ.ജെ വിനോയി എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നു വിരലടയാള വിദഗ്ദരും പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി. പി.എം ആരോപിച്ചു. സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.എം മധുസൂദനന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പനോളി വത്സന് ഉദ്ഘാടനം ചെയ്തു. കെ ധനഞ്ജയന്, എന്‍.കെ ശ്രീനിവാസന് സംസാരിച്ചു. അക്രമത്തില്‍ ആര്.എസ്.എസിന് പങ്കില്ലെന്നും ആര്.എസ്.എസ് സ്വാധീന മേഖലയായ തൊക്കിലങ്ങാടിയെ സംഘര്‍ഷ മേഖലയാക്കാനുള്ള സി.പി.എം ശ്രമമാണ് പിന്നിലെന്നും ആര്.എസ്.എസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."