കനത്ത മഴയില്‍ ദുരിതം പേറി ബിനുവും കുടുംബവും
നീലേശ്വരം: കാറ്റും മഴയും ഒരുമിച്ചു വരുമ്പോള്‍ ബിനുവിന്റേയും ഷൈനിയുടേയും ചങ്കില് തീയാളും. പിന്നെ നാലു പെണ്മക്കളേയും ചേര്‍ത്തു പിടിച്ച് പ്രകൃതിയോട് കനിവിനായി കേഴും
. 40 സെന്റ് പുറമ്പോക്കിലെ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡില്‍ കഴിയുന്ന മടിക്കൈ കാഞ്ഞിരപ്പൊയില്‍ തണ്ണീര്‍ പന്തല്‍ ബഥേല്‍ ഹൗസില്‍ ബി.ബിനുവിന്റേയും എ.ഷൈനിയുടേയും അവസ്ഥയാണിത്. വര്‍ഷങ്ങളായി ഇവര്‍ ഈ ഷെഡിലാണ് താമസം.
ഇവരുടെ പ്രയാസം മൂലവും പെണ്‍കുട്ടികളുടെ സുരക്ഷയെ കരുതിയും മൂത്ത മൂന്നു പെണ്‍കുട്ടികളേയും പെന്തക്കോസ്ത് വിഭാഗത്തിന്റെ കോഴിക്കോട് കുന്ദമംഗലത്തുള്ള ബരാക്ക ചില്‍ഡ്രന്‍സ് ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിനു സമീപത്തെ ഗവ.സ്കൂളില്‍ പ്ലസ് ടു വിനും, എട്ടാം ക്ലാസിലും, ഒന്നാം ക്ലാസിലും പഠിക്കുകയാണ് ബിയൂരയും കെസ്സിയയും ക്രിസ്റ്റീനയും .
നാലു വയസുകാരി അഖിയ മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണു താമസം. ബിനു തിരുവനന്തപുരം പേരക്കോണം സ്വദേശിയാണ്. ഷൈനി കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയും. റബ്ബര്‍ തോട്ടങ്ങള്‍ കടുംവെട്ടിനെടുത്തിരുന്ന ബിനു സാമ്പത്തിക നഷ്ടം വന്നു ബ്ലേഡില്‍ കുരുങ്ങിയതോടെ സ്വത്തുക്കളെല്ലാം കൈമോശം വന്നു. ഇപ്പോള്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ്. റബ്ബറിനു വില കുറഞ്ഞതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.ഇവരുടെ ദുരിതം കണ്ടറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ടാണു പുറമ്പോക്കില്‍ താമസിപ്പിച്ചത്. പഞ്ചായത്ത് താല്‍ക്കാലിക നമ്പര്‍ നല്കിയ വീട്ടില്‍ വൈദ്യുതി കണക്ഷനുണ്ട്. മക്കളെയും കൊണ്ടു പേടിക്കാതെ കഴിയാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്നതു മാത്രമാണ് ഇവരുടെ സ്വപ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."