പൊലിസ് സംസ്‌കാരസമ്പന്നമായി പെരുമാറണം: മുഖ്യമന്ത്രി
തൃശൂര്‍: ജനങ്ങളുമായി ഇടപഴകുന്ന പൊലിസ് സംസ്‌കാരസമ്പന്നമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് സേനയുടെ പരിശീലന സിലബസ് താരതമ്യേന മികച്ചതാണെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ നടന്ന കെ.എ.പി ഒന്ന്, രണ്ട് ബറ്റാലിയന്റേയും ഡ്രൈവര്‍ പൊലിസ് കോണ്‍സ്റ്റബിള്‍മാരുടേയും പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് കണ്ടെത്താന്‍ വിദഗ്ധര്‍ സേനയിലുണ്ട്. കേരള പൊലിസിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനകം 8,40,000 ലൈക്കുകള്‍ ലഭിച്ചു. ജനങ്ങള്‍ക്ക് പൊലിസില്‍ നിന്ന് നല്ല പരിഗണന ലഭിക്കുന്നുവെന്നതിന് തെളിവാണിത്. പൊലിസ് സേനയില്‍ വാഹനപരിശീലനം നേടിയവര്‍ നിയമം തെറ്റിക്കാതെ മറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
പാസിങ് ഔട്ട് പരേഡില്‍ 766 റിക്രൂട്ട് പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍ പങ്കെടുത്തു. പരിശീലനകാലഘട്ടത്തില്‍ നടത്തിയ ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍, ഷൂട്ടിങ്, സ്‌കില്‍ഡ് ഡ്രൈവിങ് എന്നീ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും ബെസ്റ്റ് ഓള്‍റൗണ്ടര്‍ക്കും പരേഡില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. മേയര്‍ അജിത ജയരാജന്‍, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കെ.ഇ.പി.എ ഡയരക്ടര്‍ ഡോ. ബി. സന്ധ്യ, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍, ആംഡ് പൊലിസ് ബറ്റാലിയന്‍ ഐ.ജി പി.ഇ.ജെ ജയരാജ്, ആംഡ് പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ്, കെ.എ.പി വണ്‍ കമ്മാന്‍ഡന്റ് പി.വി വില്‍സണ്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."