കുഴഞ്ഞുവീണ ഹൃദ്രോഗിയെ ബസില്‍നിന്ന് ഇറക്കിവിട്ടു; സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു
തൊടുപുഴ: സ്വകാര്യബസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നു ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട ഹൃദ്രോഗിയായ വയോധികന്‍ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. വണ്ണപ്പുറം ഇടക്കുന്നേല്‍ എ.ഇ സേവ്യര്‍(68) ആണ് ബസ് ജീവനക്കാരുടെ കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തിമൂലം മരിച്ചത്.
ബസില്‍വച്ച് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെട്ട സേവ്യറെ ബസ് ജീവനക്കാര്‍ അഞ്ച് കിലോ മീറ്ററോളം പോയശേഷം വഴിയരികില്‍ നിര്‍ത്തി ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയായിരുന്നു. ബസ് ജീവനക്കാര്‍ സേവ്യറിനെ വലിച്ചിഴച്ചു പുറത്തേക്കു തള്ളുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ബസ് ജീവനക്കാരുടെ അനാസ്ഥയാണ് സേവ്യറിന്റെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
കാളിയാര്‍ - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന മദര്‍ലാന്റ് ബസില്‍ മൂവാറ്റുപുഴക്ക് പോവുന്നതിനായി വണ്ണപ്പുറത്ത് നിന്നാണ് സേവ്യര്‍ കയറിയത്. ബസ് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് മുന്‍പേ സേവ്യര്‍ കുഴഞ്ഞ് വീണു. വായില്‍നിന്ന് നുരയും പതയും വന്ന ഇദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെ അവഗണിച്ച് ബസ് അഞ്ച് കിലോമീറ്ററോളം യാത്ര തുടര്‍ന്നു. തുടര്‍ന്ന് ഞാറക്കാട് ബസില്‍നിന്ന് ഇറക്കിയ സേവ്യറെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ ഓട്ടോറിക്ഷ ഡ്രൈവറോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഒരാള്‍ കൂടെ വരണമെന്ന് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ തൊഴിലാളികളാണ് സേവ്യറെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തി അഞ്ച് മിനുട്ടിനകം സേവ്യര്‍ മരിച്ചു.
അതേസമയം, സേവ്യറിന്റെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാളിയാര്‍ പൊലിസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഹൃദ്രോഗിയായിരുന്നു സേവ്യറെന്ന് പൊലിസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയസ്തംഭനമാണ് മരണകാരണം. സേവ്യറിന്റെ കിഡ്‌നിയും തകരാറിലായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സേവ്യറിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് സംസ്‌കരിച്ചു.
ബസ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കാളിയാര്‍ എസ്.ഐ വി.സി വിഷ്ണുകുമാര്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരി ആനീസ് ആണ് സേവ്യറിന്റെ ഭാര്യ. മക്കള്‍: ജോബി, മഹേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."