സിയാറത്തിനു പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി; മരിച്ചവരില്‍ നാലുപേരും മലപ്പുറം സ്വദേശികള്‍
പഴനി: ഏര്‍വാടിയില്‍ സിയാറത്തിനു പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം പേരശ്ശനൂരില്‍ നിന്നുള്ള കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരില്‍ ഉള്‍പ്പെടും. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെ മധുര ജില്ലയിലെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതരപരിക്കുണ്ട്. മലപ്പുറത്തുനിന്ന് മധുര വഴി ഏര്‍വാടിക്ക് പോകുകയായിരുന്നു ഇവര്‍.
മധുരയില്‍നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ സിയാറത്ത് സംഘം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (8), പഴനിച്ചാമിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവര്‍ക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
five killed as two cars collided
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."