ലോകകപ്പ് യോഗ്യത: ഇറ്റലിക്കും സ്‌പെയിനിനും വിജയം
മിലാന്‍: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി, സ്‌പെയിന്‍ ടീമുകള്‍ക്ക് വിജയം. ഇറ്റലി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലിചെന്‍സ്റ്റെയ്‌നെ വീഴ്ത്തിയപ്പോള്‍ സ്‌പെയിന്‍ മാഴ്‌സിഡോണിയക്കെതിരേ 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യയെ ഐസ്‌ലന്‍ഡ് 1-0ത്തിന് അട്ടിമറിച്ചു. തുര്‍ക്കി 4-1ന് കൊസോവയേയും അല്‍ബേനിയ 3-0ത്തിന് ഇസ്‌റാഈലിനേയും പരാജയപ്പെടുത്തി. വെയ്ല്‍സ്- സെര്‍ബിയ പോരാട്ടം 1-1ന് സമനില.
ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ നാലും ഗോളുകള്‍ നേടിയാണ് ഇറ്റലി വിജയം പിടിച്ചത്. കളിയുടെ 35ാം മിനുട്ടില്‍ നാപോളി താരം ഇന്‍സിനെ അസൂറികളെ മുന്നിലെത്തിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ 52ാം മിനുട്ടില്‍ ബെല്ലോട്ടി, 74ാം മിനുട്ടില്‍ എഡര്‍, 82ാം മിനുട്ടില്‍ ബെര്‍ണാര്‍ഡെസ്ചി, 90ാം മിനുട്ടില്‍ ഗബ്ബിയാഡിനി എന്നിവരാണ് ഇറ്റലിക്കായി വല ചലിപ്പിച്ചത്.
ഡേവിഡ് സില്‍വ, ഡീഗോ കോസ്റ്റ എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് സ്‌പെയിനിന് ദുര്‍ബലരായ മാഴ്‌സിഡോണിയക്കെതിരേ വിജയമൊരുക്കിയത്. സീസണില്‍ മികച്ച ഫോമിലുള്ള ഇസ്‌ക്കോ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച് മധ്യനിരയില്‍ മികച്ച പോരാട്ടം പുറത്തെടുത്തു. 15ാം മിനുട്ടില്‍ സില്‍വയും 27ാം മിനുട്ടില്‍ കോസ്റ്റയും ഗോളുകള്‍ നേടി. മാഴ്‌സിഡോണിയയുടെ ആശ്വാസ ഗോള്‍ 66ാം മിനുട്ടില്‍ പിറന്നു.
കളിയുടെ ആദ്യ പകുതിയും രണ്ടാം പകുതിയുടെ അവസാനം വരെയും ഗോള്‍ പിറക്കാതിരുന്ന പോരാട്ടത്തിന്റെ അവസാന നിമിഷം നേടിയ ഒറ്റ ഗോളിലാണ് ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ അട്ടിമറിച്ചത്. മരിയോ മാന്‍ഡ്‌സുകിചും മോഡ്രിചും പെരിസിചും അടങ്ങിയ ക്രൊയേഷ്യയുടെ കരുത്തുറ്റ നിരയെ ഗോളടിക്കാന്‍ അനുവദിക്കാതെ പ്രതിരോധ പൂട്ടിട്ടു പൂട്ടിയ ഐസ്‌ലന്‍ഡ് 90ാം മിനുട്ടില്‍ മാഗ്നസ്സന്‍ നേടിയ ഗോളിലാണ് വിജയം സ്വന്തമാക്കിയത്.
മെക്‌സിക്കോ- യു.എസ്.എ പോരാട്ടം സമനില
മെക്‌സിക്കോ സിറ്റി: കോണ്‍കാകാഫ് മേഖലാ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ മെക്‌സിക്കോയും അമേരിക്കയും സമനിലയില്‍ പിരിഞ്ഞു. 1-1നാണ് മത്സരം തുല്ല്യത പാലിച്ചത്. കളിയുടെ ആറാം മിനുട്ടില്‍ ബാര്‍ഡ്‌ലിയിലൂടെ യു.എസ്.എ മുന്നിലെത്തിയെങ്കിലും 23ാം മിനുട്ടില്‍ കാര്‍ലോസ് വേല മെക്‌സിക്കോക്കായി സമനില കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."