ജീവിക്കുന്ന ഡയറിക്കുറിപ്പുകള്‍
രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെയാണ് ഇന്നും ജീവിക്കുന്നത്. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും (എന്റെ പോരാട്ടം)ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആന്‍ ഫ്രാങ്കും. ആന്‍ ഫ്രാങ്കിനെ കൂട്ടുകാര്‍ക്കറിയില്ലേ?
ആ കൗമാരക്കാരിയുടെ ഡയറിക്കുറിപ്പുകളില്‍ അവളുടെ സ്വപ്‌നങ്ങളുണ്ടായിരുന്നു. ഒരു ജനതയുടെ ചരിത്രവും വേദനയുടെ ദുരിതവും നിറഞ്ഞു. ഒളിത്താവളങ്ങളില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞുകൂടിയ ജൂതവംശത്തിന്റെ കഠിനയാതനകള്‍ പടര്‍ന്നു. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തതെല്ലാം ആനിന്റെ ഡയറിയില്‍ പകര്‍ത്തിവെച്ചിരുന്നു.
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. അറുപതോളം ഭാ2ഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. രണ്ടരക്കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്.
ബാല്യ കാലം
ജര്‍മനിയിലെ ഫ്രാങ്ക്‌ഫെര്‍ട്ടിലെ ഒരു പുരാതന ജൂതകുടുംബത്തില്‍1929 ജൂണ്‍ 12നായിരുന്നു ആന്‍ (ആന്‍ ഫ്രാങ്ക്) ജനിച്ചത്. പിതാവ് ഒട്ടോ ഫ്രാങ്ക് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത്. മാര്‍ഗറ്റായിരുന്നു ഏക സഹോദരി. 1933ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടി ശക്തി പ്രാപിച്ചു. ജൂതവിദ്വേഷം വ്യാപകമായി. ഇതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. അതിക്രമങ്ങള്‍ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം ഹോളണ്ടിലേക്ക് അദ്ദേഹം നാടുവിട്ടു.
1934ല്‍ ആന്‍ ഫ്രാങ്ക് കുടുംബത്തിനൊപ്പം ഹോളണ്ടിലെത്തി. അന്നവള്‍ക്ക് അഞ്ച് വയസ്.1933 മുതല്‍ 1939 വരെ ജര്‍മനിയില്‍ നിന്ന് പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളില്‍ ഒന്നുമാത്രമായിരുന്നു അവരുടേത്. ഒട്ടോഫ്രാങ്ക് ആംസ്റ്റര്‍ഡാമില്‍ ഒരു ജാം നിര്‍മാണക്കമ്പനി ആരംഭിച്ചു. ആനും സഹോദരിയും അവിടുത്തെ സ്‌കൂളില്‍ച്ചേര്‍ന്നു. മാര്‍ഗറ്റിന് കണക്കിലായിരുന്നു മികവ്. ആനിനു സാഹിത്യത്തിലും. 1940 മെയ് 10ന് ജര്‍മന്‍ പട്ടാളം ഹോളണ്ടിലെത്തുന്നതുവരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിഞ്ഞു.
പിറന്നാള്‍ സമ്മാനം
1942 ജൂണ്‍ 12ന് അവളുടെ പതിമൂന്നാം ജന്മദിനമായിരുന്നു. അന്നാണ് പിതാവ് അവള്‍ക്കാസമ്മാനം നല്‍കിയത്. മനോഹരമായ ഒരു ഡയറി. പിന്നെ 'കിറ്റി'എന്ന് ഓമനപ്പേരിട്ട് തന്റെ കൂട്ടുകാരിയോട് സംസാരിക്കുന്നതുപോലെ ഡയറിയില്‍ അവള്‍ എഴുതിത്തുടങ്ങി.
'നിന്നോട് എല്ലാം തുറന്നുപറയാന്‍ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. '
ഇതായിരുന്നു ആന്‍ ഡയറിയില്‍ ആദ്യമെഴുതിയ വാക്കുകള്‍.
ഹോളണ്ടിലെ ജര്‍മന്‍ ഭരണകൂടം ജൂതന്മാര്‍ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ ആനിനും മാര്‍ഗറ്റിനും ജൂതര്‍ക്കു മാത്രമുള്ള സ്‌കൂളിലേക്കു മാറേണ്ടി വന്നു.
ഇടിത്തീ പോലെ ആ അറിയിപ്പ്
1942 ജൂലൈ 5ന് മാര്‍ഗറ്റ് ഫ്രാങ്കിന് ജര്‍മന്‍ ക്യാംപില്‍ ഹാജരാകാനുള്ള ഒരു അറിയിപ്പ് ലഭിച്ചു. അവള്‍ ജര്‍മനിയിലേക്കുപോകാന്‍ തയാറായില്ലെങ്കില്‍ കുടുംബാംഗങ്ങളെയെല്ലാം ജയിലിലടക്കുമെന്നായിരുന്നു അറിയിപ്പ്. തിരിച്ചുപോക്ക് ഒരിക്കലും പ്രായോഗികമായിരുന്നില്ല. അധികം വൈകാതെ കുടുംബത്തോടൊപ്പം പ്രത്യേകം തയാറാക്കിയിരുന്ന ഒളിസങ്കേതത്തിലേയ്ക്കു മാറി. കിലോമീറ്ററുകളോളം നടന്നിട്ടായിരുന്നു അവിടെ എത്തിച്ചേര്‍ന്നത്.
ഒളിവു ജീവിതം
ജാം നിര്‍മാണക്കമ്പനിയുടെ മുകളിലായിരുന്നു ഒളിത്താവളം. തറനിരപ്പിനു താഴെ, പ്രവേശനകവാടം. ബുക്ക് ഷെല്‍ഫുകൊണ്ടു മറച്ച രണ്ടു ചെറിയ അറകള്‍. അതിലായിരുന്നു താമസം. ഡയറിയെഴുത്തും വായനയുമായിരുന്നു ആനിന്റെ ഹോബികള്‍. പുറത്ത് കാലാവസ്ഥ പ്രക്ഷുബ്ധമാകുമ്പോഴും അവള്‍ ഡയറി എഴുത്തു തുടര്‍ന്നു. ആ കാലത്തിന്റെ എല്ലാ ദുരന്തങ്ങളും അവളതില്‍ കുറിച്ചുവെച്ചു.
തടവില്‍
1944 ഓഗസ്റ്റ് നാലിനാണ് ജര്‍മന്‍ സെക്യൂരിറ്റി പൊലിസിലെ സായുധ സൈനികര്‍ ജാം നിര്‍മാണക്കമ്പനിയുടെ പ്രധാന ഓഫിസില്‍ തിരച്ചില്‍ നടത്തി ഒളിത്താവളം കണ്ടുപിടിച്ച് എല്ലാവരേയേും അറസ്റ്റ് ചെയ്തത്. അവരെയെല്ലാം ജര്‍മനിയിലെ രഹസ്യസേനാ ആസ്ഥാനത്ത് ഹാജരാക്കി. പിന്നെ ജയിലിലേക്കു മാറ്റി. കുത്തിനിറച്ച കന്നുകാലിവണ്ടീയില്‍ ജര്‍മന്‍ അധീനതയിലുള്ള പോളണ്ടിലെ കുപ്രസിദ്ധ കൊലപാതക കേന്ദ്രമായ ഓഷ്വിറ്റ്‌സിലേക്ക് കൊണ്ടുപോയി.
ക്യാംപിലെ ദുരിതങ്ങള്‍
ക്യാംപില്‍ സ്ത്രീകളെയും പുരുഷന്മാരെയും രണ്ടിടത്തേക്കു മാറ്റി. ആനിനും മാതാവിനും സഹോദരിക്കും ഒരേ ബാരക്കില്‍ ഇടം ലഭിച്ചു. വൈദ്യപരിശോധനക്കു ശേഷം തല മുണ്ഡനം ചെയ്തു. തിരിച്ചറിയാനുള്ള നമ്പര്‍ കൈയില്‍ പച്ചകുത്തി ആനിനെ അടിമപ്പണിയ്ക്ക് നിയോഗിച്ചു. പതിനഞ്ചു വയസും മൂന്നു മാസവും മാത്രം പ്രായമുണ്ടായിരുന്ന അവള്‍ അസാമാന്യധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നതായി പില്‍ക്കാലത്ത് പല സഹതടവുകാരും അനുസ്മരിച്ചു. താങ്ങാനാവാത്ത അധ്വാനം മാര്‍ഗറ്റിനേയും ആനിനേയും അസുഖബാധിതരാക്കി.
ഒരു ശബ്ദം മാത്രം ബാക്കിയായി
ഭക്ഷണമില്ല. വസ്ത്രമില്ല. മരുന്നുമില്ല. കോണ്‍സന്‍ട്രേഷന്‍ ക്യാപുകളിലെ ഏറ്റവും വലിയ ദുരിതം അതായിരുന്നു. ക്യാംപില്‍ തിക്കും തിരക്കും കൂടി. അനാരോഗ്യകരമായ ചുറ്റുപാടില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു. രോഗം വ്യാപിച്ചു. 'സ്‌കാബീസ്'എന്ന ത്വക് രോഗം ആനിനെയും മാര്‍ഗറ്റിനെയും പിടികൂടി. അവരെ ബര്‍ഗന്‍ ബെല്‍സന്‍ ക്യാംപിലേക്ക് മാറ്റി. 1944 ഒക്ടോബര്‍ 28ന് അമ്മയും മക്കളും വേര്‍പിരിഞ്ഞു. 1945 ജനുവരി ആറിന് ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു. പട്ടിണിയായിരുന്നു മരണ കാരണം.
അവിടെ മരണം നൃത്തമാടി. ടൈഫസ് രോഗം പിടിപ്പെട്ട ആനും സഹോദരിയും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. അവരെ ദുരിതങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. മാര്‍ഗറ്റിന് രോഗം മൂര്‍ച്ഛിച്ചു. വൈകാതെ കുഴഞ്ഞു വീണു. മുമ്പില്‍ക്കിടന്ന് പിടഞ്ഞു മരിക്കുന്ന കാഴ്ചക്കും ആന്‍ഫ്രാങ്കിന് സാക്ഷിയാകേണ്ടി വന്നു.
സഹോദരിയുടെ മരണം ആനിനെ തളര്‍ത്തി. അവളുടെ മനസാന്നിധ്യവും ധൈര്യവും ചോര്‍ന്നുപോയി. അതേ രോഗം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആന്‍ഫ്രാങ്കിന്റെയും ജീവനപഹരിച്ചു.
ഡയറി കണ്ടെത്തുന്നു
ആനിനും കുടുബത്തിനും വേണ്ടി പൊലിസ് നടത്തിയ തിരച്ചിലിനിടയില്‍ ഒളിത്താവളം കൊള്ളയടിക്കപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഓഫിസ് വൃത്തിയാക്കാനെത്തിയ ഒരാള്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ നിന്ന് ചില നോട്ടുബുക്കുകള്‍ കണ്ടെത്തി. ഈ നോട്ടുബുക്കുകളിലായിരുന്നു ആന്‍ഫ്രാങ്ക് ഡയറിയെഴുതിയിരുന്നത്. ഇവയെന്താണെന്നറിയാതെ അയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരെ സഹായിച്ചിരുന്ന മീപ്പിനും എല്ലിക്കും കൈമാറി.
യുദ്ധശേഷം ആന്‍ ഫ്രാങ്കിന്റെ പിതാവ് ഒട്ടോഫ്രാങ്ക് തിരിച്ചെത്തുന്നതു വരെ മീപ്പും എല്ലിയുമാണ് ഈ നോട്ടുബുക്കുകള്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് 1947ല്‍ ആംസ്റ്റര്‍ഡാമിലാണ് ഡയറിക്കുറിപ്പുകള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. ആനിന്റെ ജീവിതത്തെ അധികരിച്ച് ധാരാളം സിനിമകളും നാടകങ്ങളുമുണ്ടായി.
മനുഷ്യ മനസാക്ഷിയുടെ മുന്‍പില്‍ എന്നും നിലകൊള്ളുന്ന ആ കുറിപ്പ് ഹോളണ്ടിലെ ആന്‍ഫ്രാങ്ക് മ്യൂസിയ'ത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. നാസി അതിക്രമങ്ങളെക്കുറിച്ച് അറിയാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു രേഖയാണ് ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ്.
കഥകളും അനുഭവങ്ങളും എഴുതി സൂക്ഷിച്ചു
ആന്‍ ഫ്രാങ്ക് ഡയറിയെഴുതുന്നതിനോടൊപ്പം തന്നെ കഥകളും അനുഭവങ്ങളും എഴുതി സൂക്ഷിച്ചു. യുദ്ധ ശേഷം അവ പ്രസിദ്ധീകരിക്കാനും അവള്‍ ആഗ്രഹിച്ചു. ആന്‍ എഴുതിയ കഥകള്‍, ഓര്‍മക്കുറിപ്പുകള്‍, ലേഖനങ്ങള്‍ എന്നിവ 'ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍' എന്ന പേരില്‍ പുറത്തിറക്കിക്കിയിട്ടുണ്ട്. 14 കഥകളും 16 ഓര്‍മക്കുറിപ്പുകളുമാണ് ഇതിലുള്ളത്.
ഡയറി എഴുത്ത് ശീലമാക്കൂ
ഡയറി എഴുത്ത് ശീലമാക്കുന്നത് കൂട്ടുകാരില്‍ ഒരുപാട് ഗുണം ചെയ്യും. ഓരോ ദിവസത്തെയും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഇതില്‍ കുറിച്ചുവെക്കാം. ഡയറികള്‍ ആത്മാവിന്റെ സൂക്ഷിപ്പുകാരാണ്. മറ്റാരും പങ്കിട്ടെടുക്കാത്ത രഹസ്യങ്ങളെ ചുമന്നു കൊണ്ടു നടക്കാനും എത്ര വലിയ രഹസ്യങ്ങളെയും മാനം കാണിക്കാതെ ഒളിപ്പിച്ചു വയ്ക്കാനും ഡയറികള്‍ നല്ലതാണ്. ഒരുപക്ഷേ അടുത്ത സുഹൃത്തിനോടോ അധ്യാപകരോടോ പോലും പറയാനാകാത്ത സങ്കടങ്ങളെ വര്‍ഷങ്ങള്‍ കഴിഞ്ഞ് തുറന്നുവായിക്കാനും ഓര്‍മകളെ പുതുക്കാനും ഡയറികള്‍ സഹായിക്കും.
ഡയറിക്കുറിപ്പുകള്‍ നിരവധി പുസ്തകങ്ങളായിട്ടുണ്ട്. നാസികളുടെ ഏറ്റവും ക്രൂരമായ മുഖം എഴുതിവച്ച ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ പ്രശസ്തമാണ്. വായനയ്ക്കും എഴുത്തിനും സ്വകാര്യമായ സ്വന്തം ഇടമൊരുക്കിയാണ് അത്തരം ഡയറികള്‍ ഉണ്ടാകുന്നത്. ആന്‍ ഫ്രാങ്കിന്റെ കുറിപ്പുകളിലൂടെയാണ് ജൂതസമൂഹം അനുഭവിച്ച നിലവിളികള്‍ കുറെയൊക്കെ ലോകം കേട്ടത്. അനുഭവക്കുറിപ്പുകള്‍ക്ക് എന്നും വായനയില്‍ ഇടമുണ്ടെന്നു കണ്ടെത്തിയ ഡയറി 1947ലാണ് പ്രസിദ്ധീകരിക്കുന്നത്. ആദ്യം ഡച്ച് ഭാഷയിലും പിന്നീട് ഇംഗ്ലീഷിലേയ്ക്കും മറ്റു ഭാഷകളിലേക്കും ഇതു തര്‍ജ്ജമ ചെയ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."