ആസാം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ ആശങ്കകള്‍ പരിഹരിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍
റിയാദ്: ആസാം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനൊപ്പം റിയാദിലെത്തിയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആസാം കശ്മീര്‍ വിഷയങ്ങളില്‍ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് മുസ്‌ലിം ലീഗ് റാലി സംഘടിപ്പിക്കുന്നുണ്ട്. ലീഗ് എം.എല്‍എ മാര്‍ അസം സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. കേന്ദ്ര കേരള സര്‍ക്കാറുകള്‍ പ്രവാസി വിരുദ്ധ സമീപനം അവസാനിപ്പിക്കണം. പ്രവാസി സ്‌നേഹം വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. വിമാന യാത്രക്കൂലി കുറക്കാന്‍ യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു പിന്തുണയുമില്ല എന്നു മാത്രമല്ല ദ്രോഹിക്കുകയും ചെയ്യുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ട് കഴിഞ്ഞു. പത്തര സെന്റ് ഭൂമിയില്‍ പന്ത്രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓഫീസ് പണിയുന്നത്. ഒരു ഓഫീസ് എന്നതിലുപരിയായി യുവജന ശാക്തീകരണത്തിനാവശ്യമായ ഒട്ടേറെ സംവിധാനങ്ങള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്മാര്‍ട്ട് ട്രെയ്‌നിംഗ് സെന്റര്‍, ലൈബ്രറി, ഓഡിറ്റോറിയം, വൈറ്റ് ഗാര്‍ഡ് സെന്റര്‍, മീഡിയാ റൂം തുടങ്ങിയവ ഇതില്‍ സജ്ജീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി, വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."