തെങ്കര അവിശ്വാസ പ്രമേയം: കാഞ്ഞിരപ്പുഴ പഞ്ചായത്തിലും അട്ടിമറി സാധ്യത തെളിയുന്നു
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം വിജയം കണ്ടതിന്റെ അടിസ്ഥാനത്തില്‍ അട്ടിമറി സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുമെന്ന് സൂചന. കുമരംപുത്തൂര്‍ ഹൗസിങ് സൊസൈറ്റിയില്‍ സി.പി.ഐക്ക് അഭിമാനക്ഷതമേല്‍ക്കും വിധം ഭരണം പിടിച്ചടക്കിയ സി.പി.എമ്മിന്റ നിലപാടിനെതിരേ ആരംഭിച്ച സി.പി.ഐയുടെ ചേരിപ്പോരാണ് തെങ്കര പഞ്ചായത്തില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ മാസം സി.പി.ഐ അംഗമായ പ്രസന്ന വികസന സ്റ്റാന്റിങ്് കമ്മിറ്റി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് യു.ഡി.ഫ് തെങ്കര പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുന്നത്. പിന്നീട് നിര്‍ണായക സംഭവ വികാസങ്ങളാണ് തെങ്കരയില്‍ അരങ്ങേറിയത്. പരാജയം മുന്നില്‍ കണ്ടെന്നോണം സി.പി.എമ്മിലെ ആറ് അംഗങ്ങളും ഇടതുപക്ഷ സ്വതന്ത്രനും യോഗം ബഹിഷ്‌കരിച്ചതോടെ യു.ഡി.എഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ഇതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സ്ഥാനം നഷ്ടമായി.
ഇതിന്റെ തുടര്‍ച്ചയെന്നോണം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലും ഭരണ അട്ടിമറി സാധ്യത ഏറെയാണ്. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.എം-എട്ട്, സി.പി.ഐ-അഞ്ച്, എന്‍.സി.പി-ഒന്ന്, കോണ്‍ഗ്രസ്-നാല്, മുസ്‌ലിം ലീഗ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് പിന്തുണ തേടിയാല്‍ സി.പി.ഐക്ക് ഭരിക്കാനാകും. മുന്നണി ധാരണ പ്രകാരം നവംബര്‍ 20നാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം സി.പി.ഐക്ക് കൈമാറേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സി.പി.എം നിഷോധാത്മക നിലപാടെടുത്താല്‍ ഭരണ അട്ടിമറിക്ക് കളമൊരുങ്ങുമെന്നത് വ്യക്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."