ഇവിടെ ആദിവാസികള്‍ വാഴില്ല , ഇത് കേരളമാണ് ; 25 കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ രോഗിയെ ചുമന്ന് ഇടമലക്കുടിക്കാര്‍
അടിമാലി (ഇടുക്കി): 25 കി.മീ.കൊടുംകാട്ടിലൂടെ രോഗിയെ ചുമന്ന് ഇടമലക്കുടിക്കാര്‍. പനി ബാധിച്ച് അവശനായ ആണ്ടവന്‍ കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് അവിട്ട നാളില്‍ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 50 പേര്‍ ചേര്‍ന്ന് കഴ (മരക്കമ്പ്) യുടെ നടുഭാഗത്ത് തുണി കെട്ടി രോഗിയെ അതിനുള്ളില്‍ സുരക്ഷിതമായി ഇരുത്തി കമ്പിന്റെ രണ്ട് തലയും തോളിലേറ്റിയായിരുന്നു യാത്ര.
രാവിലെ 8 ന് പുറപ്പെട്ട് 12.30 നു മാങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആണ്ടവന്‍ കുടിയില്‍നിന്നു 18 കി.മീ. കാട്ടുപാതയിലൂടെ നടന്നാലാണ് ആനക്കുളത്തിനടുത്തുള്ള റോഡിലെത്തി ചേരാനാവുക.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി എന്നും അവഗണനയുടെ ദുരിതക്കയത്തിലാണ്. കഴിഞ്ഞ പെരുമഴയില്‍ സൊസൈറ്റിക്കുടിയിലേക്കുണ്ടായിരുന്ന ജീപ്പ് റോഡ് വിരിപ്പുകാട് ഭാഗത്ത് 10 മീറ്ററോളം ഭാഗത്ത് തകര്‍ന്നതിനെത്തുടര്‍ന്നാണ് പ്രദേശം ഒറ്റപ്പെട്ടത്. മൂന്നാറില്‍നിന്നു രാജമല, പെട്ടിമുടി വഴിയാണ് ഇടമലക്കുടിയില്‍ എത്തിച്ചേര്‍ന്നിരുന്നത്.
പെട്ടിമുട്ടിയില്‍നിന്നു കാട്ടുപാതയിലൂടെ സാഹസിക യാത്ര നടത്തിയാല്‍ സ്ഥലത്തെത്താമായിരുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ജനങ്ങള്‍ ആനക്കുളം, മാങ്കുളം വഴിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ അടിമാലിയിലെത്തുന്നത്. രോഗികള്‍ക്ക് ഏക ആശ്രയമായ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചേരുന്നതിനുള്ള ഏക മാര്‍ഗവും ഇതാണ്. അധികൃതര്‍ ഇടമലക്കുടിക്കാരെ രക്ഷിയ്ക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്തംഗം ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."