യതീംഖാനകളുടെ ന്യൂനപക്ഷ സ്വഭാവം നഷ്ടമാക്കും: സമസ്ത
ന്യൂഡല്‍ഹി: ബാലനീതി നിയമത്തിനു (ജെ.ജെ ആക്ട്) കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ യതീംഖാനകളുടെ ന്യൂനപക്ഷസ്വഭാവം നഷ്ടമാവുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ ബാലനീതി നിയമത്തിലെ 18 വ്യവസ്ഥകളും ബാലനീതി മോഡല്‍ റൂളിലെ ഏഴു വ്യവസ്ഥകളും അംഗീകരിച്ച് യതീംഖാനകള്‍ നടത്താന്‍ കഴിയില്ലെന്നും സമസ്ത കോടതിയെ അറിയിച്ചു. ജെ.ജെ ആക്ടിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്തക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കവെ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹ്മദിയാണ് സമസ്തക്കു വേണ്ടി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് മധന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ല. ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ സര്‍ക്കാരിന് ഈ നിയമത്തിനു കീഴിലുള്ള ഏതുസ്ഥാപനങ്ങളിലേക്ക് ഏതുസമയത്തും മാറ്റാന്‍ അധികാരം നല്‍കുന്നുണ്ട്.
പാര്‍ലമെന്റ് അംഗീകരിച്ച ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത് ന്യൂനപക്ഷസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന യതീംഖാനകള്‍ക്ക് ഈ വ്യവസ്ഥകള്‍ അപകടകരമാണ്. അതിനാല്‍ ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്തയുടെ അഭിഭാഷകന്‍ വാദിച്ചു.കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ ജെ.ജെ ആക്ട് യതീംഖാനകളുടെ പ്രവര്‍ത്തനങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം ഈ വിഷയത്തില്‍ സമസ്ത വിശദമായ സത്യവാങ്മൂലവും നല്‍കി. കേസില്‍ ദീപാവലിക്കു ശേഷം കൂടുതല്‍ വാദംകേള്‍ക്കുമെന്നും കോടതി അറിയിച്ചു. സമസ്തക്കു വേണ്ടി അഭിഭാഷകരായ പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."